തിരുവനന്തപുരം : പണം കടം കൊടുത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഗൃഹനാഥനെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി. കന്യാകുമാരി കടയാറവിള സ്വദേശി ജയിംസാണ് (52) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയോടെ പള്ളിൽ ആരാധന കഴിഞ്ഞ് വന്ന ഭാര്യയും മക്കളുമാണ് ജയിംസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുഖമില്ലാത്തിതിനെ തുടർന്ന് പള്ളിയിൽ വരാതെ വീട്ടിൽ തന്നെ വിശ്രമിക്കുകയായിരുന്നും ജയിംസ് എന്ന് വീട്ടുകാർ പറയുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. പരിശോധനയിൽ ജെയിംസിന്റെ കയ്യിൽ കിടന്ന മൂന്ന് മോതിരങ്ങളും മാലയും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി. കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റികയും സമീപത്ത് നിന്നും പൊലീസ് കണ്ടെത്തി.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരാളെ പളുകൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മോതിരങ്ങളും മാലയും പണവും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ ജെയിംസ് ഇയാൾക്ക് പണം കടം കൊടുത്തിരുന്നെന്നും അത് തിരികെ കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാളുടെ അറസ്റ്റ് ഇതുവരെ പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. ജയിംസിന്റ മൃതദേഹം കുഴിത്തുറെ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.