ഉത്തരകാശി : ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര ടണലിംഗ് ഉപദേഷ്ടാവ് അര്‍നോള്‍ഡ് ഡിക്സ്. തുരങ്കത്തിനുള്ളിലെ പാറകള്‍ക്ക് എന്തെങ്കിലും തരത്തില്‍ രൂപാന്തരം സംഭവിച്ചതാകാം ഇങ്ങനെയൊരു അപകടം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച ഡ്രില്‍ തകര്‍ന്നതോടെ ഇന്ത്യന്‍ ആര്‍മി മാനുവല്‍ ഡ്രില്ലിങിന്റെ ചുമതല ഏറ്റെടുത്തു. രക്ഷാപ്രവര്‍ത്തിന് കൂടുതല്‍ സമയം ഇനിയും വേണ്ടി വരുമെന്ന് തന്നെയാണ് ഇപ്പോഴും ദേശീയ ദുരന്ത നിവാരണ സേന വ്യക്തമാക്കുന്നത്.
ഇതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് അര്‍നോള്‍ഡ് ഡിക്സ് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പറഞ്ഞത്. 41 തൊഴിലാളികള്‍ അകപ്പെട്ടിട്ട് 360 മണിക്കൂറുകള്‍ പിന്നിടുന്നു. ഇന്നേക്ക് 15 ദിവസമാണ് തൊഴിലാളികള്‍ കുടുങ്ങിയിട്ട്. രക്ഷാപ്രവരത്തനം വളരെ സാവകാശത്തില്‍ മാത്രമേ കഴിയുകയുള്ളൂവെന്നും ക്ഷമ ആവശ്യമാണെന്നും അര്‍നോള്‍ഡ് ഡിക്സ് നേരത്തെ തന്നെ പറഞ്ഞിരുന്നു.
അതേസമയം പെപ്പില്‍ കുടുങ്ങിയ യന്ത്രഭാഗം മുറിച്ച് മാറ്റാന്‍ ആരംഭിച്ചു. അവസാന 15 മീറ്റര്‍ കൂടിയാണ് ഇനി മുറിക്കേണ്ടതുണ്ട്. തകര്‍ന്നുവീണ സില്‍ക്യാര തുരങ്കത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ തുരന്നെടുക്കുന്നതിനിടെയാണ് ആഗര്‍ മെഷീന്റെ ബ്ലേഡുകള് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയത്. 60 മീറ്ററോളം അവശിഷ്ടങ്ങള്‍ തകര്‍ക്കാന്‍ അമേരിക്കയില്‍ നിന്ന് കൊണ്ടുവന്ന കൂറ്റന്‍ ഡ്രില്‍ വെള്ളിയാഴ്ച കേടായിരുന്നു.