കോഴിക്കോട് : യുഡിഎഫിന്റെ ബഹിഷ്കരണ നിര്‍ദേശം തള്ളി വീണ്ടും കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ നവകേരള സദസ് വേദിയില്‍. ഓമശ്ശേരിയില്‍ നവകേരള സദസിനോട് അനുബന്ധിച്ച് നടന്ന പ്രഭാതയോഗത്തിലാണ് കോണ്‍ഗ്രസ്, ലീഗ് നേതാക്കളെത്തിയത്.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അധ്യക്ഷന്‍ എന്‍ അബൂബക്കര്‍, ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുട്ടായി എന്നിവരാണ് പ്രഭാത യോഗത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് നേതാവാണ് അബൂബക്കര്‍.
മൊയ്തു മുട്ടായി ചുരം സംരക്ഷണ സമിതി പ്രസിഡന്റു കൂടിയാണ്. ചുരത്തിന്റെ വികസനകാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനാണ് നവകേരള സദസിന്റെ പ്രഭാതയോഗത്തില്‍ പങ്കെടുത്തതെന്നാണ് മൊയ്തു മുട്ടായി പറയുന്നത്.
നേരത്തെ കാസര്‍കോട് വെച്ച് മുസ്ലിം ലീഗ് നേതാവ് എന്‍എ അബൂബക്കര്‍ നവകേരള സദസില്‍ പങ്കെടുത്തത് ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് അബൂബക്കറെ ലീഗ് നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു.