ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. പ്രധാനമന്ത്രി തേജസ് യുദ്ധവിമാനത്തിൽ ലഘുയാത്ര നടത്തിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ‘ഇനി അടുത്തത് എന്താണ്, മുങ്ങിക്കപ്പൽ ആണോ?’ എന്നായിരുന്നു താരത്തിന്റെ പരിഹാസം. ഏകദിന ലോകകപ്പ് മത്സരത്തിൽ ഇന്ത്യ തോറ്റപ്പോഴും മോദി പരിഹസിച്ച് താരം രംഗത്തെത്തിയിരുന്നു.
ഫൈനലിൽ ഇന്ത്യയുടെ ജയം ആഘോഷിക്കാൻ ബിജെപിയുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടിക്ക് പദ്ധതിയിട്ടിരുന്നു എന്നും എന്നാൽ അത് പാളിയെന്നും കോൺഗ്രസ് അനുകൂല എക്സ് അക്കൗണ്ടിൽ വന്ന ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പരിഹാസം. പ്രധാന നടന്റെ തിരക്കഥ പാളിയിരിക്കുന്നു ഇനിയും ഇതുപോലെ അവസരങ്ങൾ വരുമെന്നായിരുന്നു കുറിപ്പ് പങ്കുവെച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത്.
അതേസമയം തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പ്രണവ് ജുവലേഴ്സ് ഉൾപ്പെട്ട 100 കോടിയുടെ നിക്ഷേപക തട്ടിപ്പിൽ താരത്തിന് കഴിഞ്ഞ ദിവസമാണ് ഇഡി നോട്ടീസ് അയച്ചത്. കേസിൽ ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഈ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു പ്രകാശ് രാജ്. അടുത്തയാഴ്ച ചെന്നൈയിലെ ഓഫിസിൽ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് പ്രകാശ് രാജിനു നിർദ്ദേശം നൽകിയിരിക്കുന്നത്.
പ്രണവ് ജ്വല്ലറി ഗ്രൂപ്പിന്റെ ശാഖകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ മാസം 20ന് വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡുകളിലായി കണക്കിൽപ്പെടാത്ത 24 ലക്ഷത്തോളം രൂപയും 11.60 കിലോ സ്വർണാഭരണങ്ങളും വിവിധ രേഖകളും ഇഡി പിടിച്ചെടുത്തതായാണ് വിവരം. ചെന്നൈയിൽ ഉൾപ്പെടെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും പുതുച്ചേരിയിലും ഈ ഗ്രൂപ്പിന് ശാഖകളുണ്ട്. ഈ പരിശോധനകളുടെ തുടർച്ചയായാണ് നടനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.