വിശാഖപ്പട്ടണം : മത്സരങ്ങള്‍ ഫിനീഷ് ചെയ്യുന്നതില്‍ ഇന്ത്യന്‍ യുവ ബാറ്റിങ് സെന്സേഷന് റിങ്കു സിങ് പേരെടുക്കുകയാണ്. 2023 ഐപിഎല്ലില്‍ യാഷ് ദയാലിനെതിരെ അഞ്ച് സിക്സറുകള്‍ നേടിയത് മുതല്‍ താരം ആരാധകരുടെ ശ്രദ്ധനേടി. വ്യാഴാഴ്ച വിശാഖപട്ടണത്ത് ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ 14 പന്തില്‍ 22* റണ്‍സ് നേടിയ താരത്തിന്റെ ഇന്നിങ്സും ശ്രദ്ധിക്കപ്പെട്ടു.
ഓസീസിനെതിരായ ടി20 മത്സരത്തില്‍ ഓസീസ് ഉയര്‍ത്തിയ 209 റണ്‍സ് പിന്തുടര്ന്ന് ഇന്ത്യ വിജയം നേടിയപ്പോള്‍ അവസാന പന്തിലെ താരത്തിന്റെ സിക്സിനും ആരാധകര്‍ കൈയ്യടിച്ചു. മത്സരങ്ങളില്‍ വിജയം നേടാനായി താന്‍ സ്വീകരിക്കുന്ന സമീപനങ്ങളെ കുറിച്ചും താരം വെളിപ്പെടുത്തി. ശാന്തതയോടെ ബാറ്റ് ചെയ്യാനും അവസാന ഓവറിലേക്ക് കളി കൊണ്ടുപോകാനുമാണ് താന്‍ ശ്രമിക്കുന്നതെന്നും റിങ്കുസിങ് പറഞ്ഞു.
”അത് എനിക്ക് അനുയോജ്യമായ ഒരു സാഹചര്യമായിരുന്നു, ഞാന്‍ ഒരുപാട് തവണ ഇത്തരം സാഹചര്യങ്ങളില്‍ കളിച്ചിട്ടുണ്ട്. സൂര്യ ഭയ്യയ്ക്കൊപ്പം കളിക്കുന്നത് വളരെ നല്ലതാണെന്ന് തോന്നി, അവസാന നാല് ഓവറില്‍ ഞങ്ങള്‍ക്ക് 40 റണ്‍സ് വേണ്ടിവന്നു. അപ്പോള്‍ ശാന്തനായിരിക്കാനും അവസാന ഓവറിലേക്ക് കളി കൊണ്ടുപോകാനും ശ്രമിക്കുകയായിരുന്നു,” ബിസിസിഐ പങ്കിട്ട വീഡിയോയില്‍ റിങ്കു സിങ് പറഞ്ഞു. തുടര്‍ന്ന് അവസാന ഓവറുകളില്‍ പന്തിനെ നേരിട്ട് ആക്രമിക്കണമെന്ന് എംഎസ് ധോനി തനിക്ക് നല്കിയ വിലയേറിയ ഉപദേശത്തെ കുറിച്ചും താരം വെളിപ്പെടുത്തി.
”ഞാന്‍ ഒരിക്കല്‍ മഹി ഭായിയോട് സംസാരിച്ചിരുന്നു. ഒരു മത്സരത്തിന്റെ അവസാന ഓവറില്‍ എന്താണ് ചെയ്യുന്നതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിക്കുകയായിരുന്നു. കഴിയുന്നത്ര ശാന്തനായിരിക്കണമെന്നും പന്തിനെ നേരെ അടിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതാണ് ഞാന്‍ പിന്തുടരാന് ശ്രമിക്കുന്നത്, ശാന്തനായി ബാറ്റ് ചെയ്യാനും ക്ഷമ കൈവിടാതിരിക്കാനും ശ്രമിച്ചു” ധോനിയുടെ ഈ ഉപദേശം ബാറ്റിങ്ങില്‍ ഏറെ സഹായിച്ചുവെന്നും റിങ്കു സിങ് പറഞ്ഞു.