ന്യൂഡല്‍ഹി : പ്രധാനമന്ത്രിയെ ദുശ്ശകുനം എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി. കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ ട്യൂബ് ലൈറ്റായി അവതരിപ്പിക്കുന്നുവെന്ന് പരിഹാസരൂപേണയുള്ള പോസ്റ്ററാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്. സല്മാന് ഖാന് നായകനായ ട്യൂബ് ലൈറ്റ് എന്ന ഹിന്ദി ചിത്രത്തിന്റെ പോസ്റ്റര്‍ മോര്‍ഫ് ചെയ്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയത്.
സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹത്രസിലെയും അലിഗഡിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ഫ്യൂസ് ട്യൂബ് ലൈറ്റ് എന്ന അടിക്കുറിപ്പോടെ രാഹുല്‍ ഗാന്ധിയുടെ പോസ്റ്റര്‍ എക്സില്‍ പങ്കുവെച്ചിരിക്കുകയാണ് ബിജെപി. മെയ്ഡ് ഇന്‍ ചൈന എന്നും പോസ്റ്ററില്‍ ഉണ്ട്.
2020 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുലിനെ ട്യൂബ് ലൈറ്റ് എന്ന് വിളിച്ച് പരിഹസിച്ചിരുന്നു. ലോക്സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തി രാഹുല്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു പ്രധാനമന്ത്രി യുടെ പരിഹാസം. ‘ഞാന്‍ 3040 മിനിറ്റുകള്‍ സംസാരിച്ചെങ്കിലും ചിലര്‍ ഇങ്ങനെയാണ് ട്യൂബ് ലൈറ്റ് പോലെ കത്താന്‍ വൈകും’ എന്നാണ് അന്ന് മോദി പറഞ്ഞത്. ഒരു പ്രധാനമന്ത്രിക്ക് ചേരുന്ന വിധത്തിലല്ല മോദി പെരുമാറുന്നതെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. പ്രത്യേക രീതിയിലാണ് പ്രധാനമന്ത്രിമാര്‍ പൊതുവെ പെരുമാറുന്നത്. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി അങ്ങനെയല്ലെന്നും ആ പദത്തിന് ചേരുംവിധമല്ല അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ ഗാന്ധി തിരിച്ച് അടിക്കുകയായിരുന്നു.
രാജസ്ഥാനിലെ ബാര്‍മറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് സംസാരിച്ചതിന് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഇന്ന് മറുപടി നല്‍കണം. പ്രധാനമന്ത്രിയെ ‘ദുശ്ശകുന’മെന്നും ‘പോക്കറ്റടിക്കാരന്’ എന്നുമാണ് രാഹുല്‍ ഗാന്ധി കളിയാക്കിയത്. പ്രസംഗത്തെത്തുടര്‍ന്ന് ബിജെപി പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുല്‍ ഗാന്ധിക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചു.