തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ചോദ്യംചെയ്യും. 10 മണിയോടെ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസിനുമുന്‍പാകെ ഹാജരാകുമെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് ഉടൻ കൈമാറും.
കേസിൽ അറസ്റ്റിലായ പ്രതികൾക്ക് രാഹുൽ സഹായം ചെയ്തു എന്നതിനെക്കുറിച്ചാണ് അന്വേഷണം. അറസ്റ്റിലായവർക്ക് രാഹുലുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികൾക്ക് സഞ്ചരിക്കാൻ രാഹുൽ സ്വന്തം കാർ നൽകിയെന്നും പ്രതികളായ ഫെനി നൈനാനും ബിനിൽ ബിനുവിനും മൊബൈൽ ഒളിപ്പിക്കാൻ സഹായം ചെയ്തുവെന്നുമാണ് പൊലീസ് ഭാഷ്യം. കാര്‍ഡ് നിര്‍മാണത്തെക്കുറിച്ച് രാഹുലിന് അറിയാമെന്ന സംശയമാണ് പൊലീസിനുള്ളത്.
കേസിലെ നാല് പ്രതികൾക്ക് ജാമ്യം കിട്ടിയെങ്കിലും ഇവരിൽനിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണ് പൊലീസ് ശ്രമം. ഒന്നിടവിട്ട ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഇവർ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഒന്നാം പ്രതി ഫെനി നൈനാനുമായി രാഹുലിന് അടുത്ത ബന്ധമാണുള്ളത്. മറ്റുള്ളവരാവട്ടെ, രാഹുലിന്റെ കർമമണ്ഡലമായ പത്തനംതിട്ടയിലെ പ്രമുഖ യൂത്ത് കോൺഗ്രസ് നേതാക്കളും. അതുകൊണ്ട് കേസിൽ രാഹുലിന് പങ്കുണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കാൻ തന്നെയാണ് പൊലീസ് തീരുമാനം.
വിശദമായിത്തന്നെ ചോദ്യംചെയ്യലും നടക്കും. തിരുവനന്തപുരം ഡി.സി.പി നിധിൻ രാജ് അടക്കമുള്ള ഉദ്യോഗസ്ഥർ രാഹുലിനെ ചോദ്യം ചെയ്യും. ആവശ്യമെങ്കിൽ കസ്റ്റഡി അടക്കമുള്ള നടപടികളിലേക്കും കടക്കും. കേസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് ഇന്നലെ പ്രത്യേക അന്വേഷണ സംഘം സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഇത് പൊലീസ് മേധാവി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന് ഉടൻ കൈമാറും.