തിരുവനന്തപുരം: വിദ്യാർഥികളുടെ പരീക്ഷാഭാരം ലഘൂകരിക്കുക എന്ന ഉദ്ദേശ്യത്തോടെ വരുന്ന അധ്യായന വർഷം മുതൽ സർവകലാശാലാ പരീക്ഷകൾ അടിമുടി ഉടച്ചുവാർക്കും.എഴുത്തുപരീക്ഷ പരമാവധി രണ്ടു മണിക്കൂറായി ചുരുക്കും. ഫൗണ്ടേഷൻ കോഴ്സുകളടക്കം ജനറൽ പേപ്പറുകൾക്ക് ഒരു മണിക്കൂർ പരീക്ഷ. നാല് ഓപ്ഷനുകളിൽ ശരിയുത്തരം തിരഞ്ഞെടുക്കേണ്ട മൾട്ടിപ്പിൾ ചോയ്സ് രീതിയിലും ഒന്നര മണിക്കൂർ പരീക്ഷയുണ്ടാവും.
ഇന്റേണൽ മാർക്ക് 20ൽ നിന്ന് 30 ശതമാനമാക്കും. മൂല്യനിർണയ രീതിയും മാറും. നാലുവർഷ ബിരുദത്തിനടക്കം ഈ മാറ്റങ്ങൾ പ്രാബല്യത്തിലാക്കാൻ സർവകലാശാലാ നിയമങ്ങൾ ഭേദഗതിചെയ്യും.എല്ലാ പേപ്പറുകളുടെയും 20% സിലബസ് പഠിപ്പിക്കുന്ന അധ്യാപകരാവും തയ്യാറാക്കുക. ഇതിൽ സമകാലിക സംഭവങ്ങളും കണ്ടുപിടിത്തങ്ങളും പുരസ്കാരങ്ങളുമെല്ലാം ഉൾപ്പെടുത്താം. മൂന്നു വർഷത്തിലൊരിക്കൽ സിലബസ് പരിഷ്കരിക്കുന്നതിന്റെ പരിമിതിയും ഇതിലൂടെ ഒഴിവാക്കാം.പാഠഭാഗങ്ങളുടെ മൂല്യനിർണയവും കോളജ് അധ്യാപകർക്കാണ്.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ പരീക്ഷകളുടെ മൂല്യനിർണയം കോളേജുകളിൽ നടത്തും. രണ്ട്, നാല്, ആറ് സെമസ്റ്ററുകളുടേത് വാഴ്സിറ്റിയുടെ ക്യാമ്പുകളിലും. എട്ടാം സെമസ്റ്റർ ഓൺലൈൻ കോഴ്സും ഇന്റേൺഷിപ്പുമാണ്.ചോദ്യ പേപ്പർ സർവകലാശാലകളാണ് തയ്യാറാക്കുന്നത്. മൂന്നാഴ്ച കോളേജുകൾ അടച്ചിട്ടുള്ള കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പും ഇല്ലാതാവും. ഉത്തരക്കടലാസുകൾ അധ്യാപകർക്ക് വീട്ടിലോ കോളേജിലെ ഒഴിവു സമയത്തോ മൂല്യനിർണയം നടത്താം.
മാർക്കുകൾ പ്രത്യേക സോഫ്റ്റ്വെയറിൽ അദ്ധ്യാപകർക്ക് രേഖപ്പെടുത്താം.ഫല പ്രഖ്യാപനം വേഗത്തിലാവും. സെമസ്റ്ററിൽ 90 ദിവസം അധ്യായനം ഉറപ്പാക്കും. കോളേജ് മൂല്യനിർണയത്തിലെ ക്രമക്കേട് തടയാൻ 20% ഉത്തരക്കടലാസുകൾ സർവകലാശാല പരിശോധിക്കും.സിലബസിന്റെയും ഓരോ പേപ്പറിന്റെയും സ്വഭാവത്തിനനുസരിച്ചാവും പരീക്ഷാരീതിയും ദൈർഘ്യവുംനിലവിലെ അസൈൻമെന്റ്, സെമിനാർ എന്നിവയ്ക്ക് പകരമായി ക്വിസ്, ഇന്റർവ്യൂ, ചർച്ചകൾ, പ്രഭാഷണം, കമ്പ്യൂട്ടർ ടെസ്റ്റ് എന്നിവയാവാം.
എഴുത്തു പരീക്ഷയ്ക്കൊപ്പം ലാബ് പരീക്ഷ, അസൈൻമെന്റ്, കേസ് സ്റ്റഡി, ലിറ്ററേച്ചർ സർവേ, വ്യക്തിഗത പ്രോജക്ട് എന്നിവയുമുണ്ടാകും. പരീക്ഷ കഴിഞ്ഞ് 30 ദിവസത്തിനകം ഫലവും അതിനു ശേഷം 15 ദിവസത്തിനകം പ്രൊവിഷണൽ സർട്ടിഫിക്കറ്റും നൽകും. 30 ദിവസത്തിനകം ബിരുദസർട്ടിഫിക്കറ്റും ലഭിക്കും. ഡോക്ടറൽ തീസിസിന്റെ മൂല്യനിർണയവും വേഗത്തിലാക്കും. ഇതിനായുള്ള ഭേദഗതി പിന്നാലെ വരും.