ന്യൂഡല്‍ഹി : നിയമസഭ പാസാക്കിയ ബില്ലുകളില്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് ഗവര്‍ണര്‍ക്കെതിരെ കേരള സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ പഞ്ചാബിന്റെ ഹര്‍ജിയിലെ ഉത്തരവ് വായിക്കാന്‍ രാജ്ഭവന് സെക്രട്ടറിയോട് നിര്‍ദേശിച്ച് സുപ്രീം കോടതി. ഉത്തരവ് വായിച്ച ശേഷ മറുപടി അറിയിക്കാന്‍ ഏജിക്ക് നിര്‍ദേശം നല്കി. ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാകില്ലെന്നതായിരുന്നു കോടതി ഉത്തരവ്.
പഞ്ചാബിലേതിന് സമാനമായ കാര്യമാണ് കേരളത്തിലും നടക്കുന്നതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരരായ അഭിഭാഷകന് കെകെ വേണുഗോപാല്‍ കോടതിയെ ധരിപ്പിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറെ കണ്ടിട്ടിട്ടും ഇതുവരെയും ബില്ലില്‍ ഒപ്പിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് എജി പറഞ്ഞപ്പോഴാണ് പഞ്ചാബുമായി ബന്ധപ്പെട്ട ഉത്തരവ് സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുണ്ടെന്നും ആ ഉത്തരവ് വായിച്ചതിന് ശേഷം മറുപടി അറിയിക്കാനും രാജ്ഭവന് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്.
പഞ്ചാബുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച അതേ ബെഞ്ച് കേരളത്തിന്റെ ഹര്‍ജിയും പരിഗണിക്കുന്നത്. നിയമസഭയെ മറികടന്നുകൊണ്ട് ബില്ലുകള്‍ പിടിച്ചുവെക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല. ബില്ലിന് മേല്‍ വിയോജിപ്പുണ്ടെങ്കില്‍ തിരിച്ച് നിയമസഭയ്ക്ക് അയക്കുക. നിയമസഭ അത് ഭേദഗതിയോട് കൂടിയോ അല്ലാതെയോ അയച്ചാല്‍ അത് ഒപ്പിടാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നാണ് ഉത്തരവില്‍ പറയുന്നത്.