കൊച്ചി : നവകേരള സദസിനായി പറവൂര്‍ നഗരസഭാ സെക്രട്ടറി പണം അനുവദിച്ചത് നിയമലംഘനം നടത്തിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. താന്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ളവരും വകുപ്പ് ഉദ്യോഗസ്ഥരുമാണെന്ന് സതീശന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നവകേരള സദസിനായി ലോക്കല്‍ ബോഡികളോട് തനത് ഫണ്ടില്‍ പണം നല്‍കണമെന്ന സര്‍ക്കുലര്‍ ഇറക്കാനുള്ള അവകാശം സര്‍ക്കാരിനില്ലെന്നും സതീശന് പറഞ്ഞു.
മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ തീരുമാനം നടപ്പാക്കാന്‍ പൂര്‍ണ അധികാരം ചെയര്‍മാനില്‍ സംക്ഷിപ്തമാണെന്നാണ് മുന്‍സിപ്പല്‍ ആക്ടിന്റെ പതിനഞ്ചാം വകുപ്പില്‍ പറയുന്നത്. കൗണ്‍സില്‍ നവകേരള സദസിന് പണം നല്‍കേണ്ടതില്ലെന്ന തീരുമാനം മുന്‍സിപ്പല്‍ ചെയര്മാന് സ്രെകട്ടറിയെ അറിയിച്ചു. എന്നാല്‍ അത് മറികടന്നാണ് പണം നല്കാന് സെക്രട്ടറി തീരുമാനിച്ചത്. ഇത് മുന്‍സിപ്പല്‍ ആക്ടിന്റെ പതിനഞ്ചാം വകുപ്പ് ലംഘനമാണ്. കൂടാതെ മുന്‍സിപ്പാലിറ്റി ഏതെങ്കിലും തരത്തിലും പണം ക്രയവിക്രയം ചെയ്യണമെങ്കില്‍ അതിന് ചെയര്‍മാന്റെ അനുമതി വേണമെന്നും ആക്ടില്‍ പ്രത്യേകം പറയുന്നുണ്ട്. ഇതിന് വിരുദ്ധമായി പണം നല്‍കാനുള്ള അധികാരം നഗരസഭാ സെക്രട്ടറിക്ക് ഇല്ല. സെക്രട്ടറിയുടെ അധികാരത്തെ പറ്റി മുന്‍സിപ്പല്‍ ആക്ടിന്റെ 49, 50 വകുപ്പുകളില്‍ കൃത്യമായി പറയുന്നുണ്ട്. സെക്രട്ടറി കൗണ്‍സിലിന്റെ തീരുമാനം അംഗീകരിക്കണമെന്നതാണ് അതെന്നും സതീശന് പറഞ്ഞു.
നഗരസഭാ സെക്രട്ടറി തന്നെ ഫോണില്‍ വിളിച്ചിരുന്നു. ഒരു യോഗത്തിലായതിനാല്‍ എടുക്കാനായില്ല. തുടര്‍ന്ന് തിരിച്ചുവിളിച്ചപ്പോള്‍ തന്നോട് ക്ഷമിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. മന്ത്രിയുടെ ഓഫീസില്‍ നിന്നും വകുപ്പിലെ ഉദ്യോഗസ്ഥരും തന്നെ ഭീഷണിപ്പെടുത്തുകയാണ്. താന്‍ പ്രൊബേഷണിലുളള ഉദ്യോഗസ്ഥാനാണ്. പ്രൊബേഷന്‍ ക്ലിയര്‍ ചെയ്യില്ലെന്നാണ് അവരുടെ ഭീഷണി. താന്‍ ചെയ്യുന്നത് തെറ്റാണെന്ന് അറിയാമെന്നും സെക്രട്ടറി പറഞ്ഞതായി വിഡി സതീശന് പറഞ്ഞു. ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത് താനല്ല. സര്‍ക്കാരും വകുപ്പ് ഉദ്യോഗസ്ഥരാണ്. നവകേരള സദസിനായി ലോക്കല്‍ ബോഡികളോട് തനത് ഫണ്ടില്‍ പണം നല്‍കണമെന്ന സര്‍ക്കുലര്‍ ഇറക്കാനുള്ള അധികാരം അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഇല്ലെന്നും സതീശന് പറഞ്ഞു.
സര്‍ക്കാര്‍ പൂര്‍ണമായി നിയമംലംഘിച്ചാണ് പണപ്പിരിവ് നടത്തുന്നത്. നേരത്തെ കേരളീയത്തിനായും ഇങ്ങനെയാണ് പണം പിരിച്ചത്. നികുതി വെട്ടിപ്പ് തടയാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥനെ കൊണ്ട് സര്‍ക്കാരിന്റെ പരിപാടിക്ക് പണപ്പിരിവ് നടത്തിയത് നിയമവിരുദ്ധമല്ലേ. എന്നിട്ട് അയാള്ക്ക്് അവാര്‍ഡ് കൊടുക്കാന്‍ മുഖ്യമന്ത്രി നാണമില്ലേയെന്നും സതീശന് ചോദിച്ചു. നവകേരളസദസില്‍ മുഖ്യമന്ത്രി എല്ലാദിവസവും നടത്തുന്നത് രാഷ്ട്രീയ പ്രസംഗം മാത്രമാണെന്നും സതീശന് പറഞ്ഞു.