കോഴിക്കോട് : പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. നവകേരള സദസിന് ഫണ്ട് അനുവദിച്ചതിന് പറവൂര്‍ നഗരസഭ ചെയര്‍പേഴ്സണെ വിളിച്ച് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചു. നവകേരള സദസിന് ഒരു ലക്ഷം രൂപ ഫണ്ട് അനുവദിച്ചതിന് നഗരസഭ അധ്യക്ഷയെ വിളിച്ച് സ്ഥാനം തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് ഒരു തരത്തിലും അംഗീകരിക്കാനാവുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പറവൂരില്‍ നിന്നുള്ള എംഎല്‍എ കൂടിയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും അപക്വമായ, ജനാധിപത്യ വിരുദ്ധമായ നടപടി ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. അവിടത്തെ നഗരസഭ അധ്യക്ഷയെ വിളിച്ച് കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്ത് ഫണ്ട് അനുവദിച്ച തീരുമാനം റദ്ദാക്കാന്‍ നിര്‍ബന്ധിച്ചു എന്നാണ് വാര്‍ത്ത വന്നിട്ടുള്ളത്. നേരത്തെ ഔദ്യോഗികമായി എടുത്ത തീരുമാനം നടപ്പാക്കാനുള്ള ബാധ്യത നഗരസഭ സെക്രട്ടറിക്കുണ്ട്.
അതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെയും പല തരത്തില്‍ ഭീഷണിയുള്ളതായി വാര്‍ത്തകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. പ്രാദേശിക ഭരണസംവിധാനത്തെ തങ്ങളുടെ സങ്കുചിത വീക്ഷണത്തിന്റെ ഭാഗമായുള്ള ദുഷ്ടലാക്കോടെ ജനാധിപത്യവിരുദ്ധതയിലേക്ക് വലിച്ചിഴക്കുകയാണ്. ജനാധിപത്യപ്രക്രിയയെ മൂക്കു കയറിട്ട് നിയന്ത്രിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
കോണ്‍ഗ്രസ് നേതൃത്വം എടുത്ത ബഹിഷ്കരണ തീരുമാനം പ്രാദേശിക ജനപ്രതിനിധികള്‍ പോലും അംഗീകരിക്കുന്നില്ല. പാര്‍ട്ടി അംഗങ്ങളെപ്പോലും ബോധ്യപ്പെടുത്താന്‍ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ല.നവകേരള സദസ് സംഘാടക സമിതിയില്‍ പലയിടത്തും കോണ്‍ഗ്രസ് പ്രതിനിധികളുണ്ട്. പൊതു സമൂഹത്തിന് യോജിപ്പില്ലാത്ത തീരുമാനം എടുക്കുന്ന ഏതൊരു കൂട്ടര്‍ക്കും സംഭവിക്കുന്നത്. അതിന് പ്രതിപക്ഷ നേതാവ് വിറളി പിടിച്ചിട്ടും ക്ഷോഭിച്ചിട്ടും കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ പരിശോധനകള്‍ നടക്കട്ടെ. യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കളും അതു തന്നെയാണല്ലോ പറഞ്ഞിട്ടുള്ളത്. അന്വേഷണത്തിന്റെ കാര്യങ്ങളൊന്നും തനിക്ക് പറയാനാകില്ല. ഏത് സ്ഥാനത്തിരിക്കുന്ന ആളുകളായാലും പൊലീസ് അന്വേഷണം നടത്തി അതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകുക തന്നെ ചെയ്യും. ഇതേപ്പറ്റി ഒരു ശങ്കയും വേണ്ട പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.