തിരുവനന്തപുരം : നവകേരള സദസ് അലങ്കോലപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പ്രതിഷേധം നടത്തുന്നതിന് ആരും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ചാവേറുകളെ പോലെ രണ്ടോ മൂന്നോ ആളുകള്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലേക്ക് ചാടിവീഴുകയാണ്, മരണസ്ക്വാഡുകള്‍ പോലെയെന്ന് ഗോവിന്ദന് പറഞ്ഞു. അത് വളരോ ബോധപൂര്‍വം ചെയ്ത കാര്യങ്ങളാണ്. ഇത്തരത്തിലുള്ള ഒരു പ്രകോപനത്തിനും വശംവദരാകാതെ ആത്മസംയമനത്തോടെ മൂന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും തീരുമാനമെന്ന് എംവി ഗോവിന്ദന് പറഞ്ഞു.
നവകേരള സദസ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ജനം സ്വീകരിച്ചില്ല. പിന്നെ അത് വലിയ മുന്നറ്റം സൃഷ്ടിക്കുന്ന പശ്ചാത്തലത്തില്‍ അതിനെ എങ്ങനെ ജനങ്ങളുടെ മുന്നില്‍ മറയ്ക്കുക എന്നതാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളും അതിനൊപ്പമുള്ള മാധ്യമങ്ങളും ഗവേഷണം നടത്തുന്നത്. സര്‍ക്കാര്‍ ഇത്തരമൊരു പരിപാടി നടത്താന്‍ തീരുമാനമെടുത്തത് തന്നെ ബൂര്‍ഷ്വാപാര്‍ട്ടികളുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും കള്ള പ്രചാരണം തുറന്നുകാണിക്കാനാണെന്നും ഗോവിന്ദന് പറഞ്ഞു.
കണ്ണടച്ച് ഇടതുപക്ഷ, സര്‍ക്കാര്‍ വിരുദ്ധ മുഖ്യമന്ത്രി വിരുദ്ധ നിലപാടുകളാണ് മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. അതുപോലെ
എന്തു പറയാന്‍ മടിക്കാത്ത നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്നത്. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പദപ്രയോഗങ്ങള്‍ തന്നെ അതിന്റെ ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ തെറിവിളിക്കുകയെന്നത് കനുഗോലു സിദ്ധാന്തത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയെ ടാര്‍ഗറ്റ് ചെയ്യുക എന്നതാണ് ആ സിദ്ധാന്തത്തിന്റെ ഒന്നാമത്തെ കാര്യമെന്നും ഗോവിന്ദന് പറഞ്ഞു. മാധ്യമങ്ങളുടെ തെറ്റായ നീക്കത്തെ നല്ലരീതിയില്‍ പ്രതിരോധിക്കാനും തുറന്നുകാണിക്കാനുമാണ് സിപിഎം തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.