കോഴിക്കോട്: നവകേരള സദസിനെ സ്വാഗതം ചെയ്യാൻ വീടുകളിലും സ്ഥാപനങ്ങളിലും ദീപം തെളിയിക്കണമെന്ന നിർദേശവുമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ. എല്ലാ സ്ഥാപനങ്ങളും വൈകുന്നേരം ദീപം കൊണ്ട് അലങ്കരിക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി നഗരസഭ സെക്രട്ടറി സ്ഥാപനങ്ങൾക്ക് നോട്ടീസ് അയച്ചു. അതേസമയം മുഴുവൻ വീടുകളിലും വൈകുന്നേരം 6.30ന് ദീപം തെളിയിക്കാനാണ് പുറമേരി പഞ്ചായത്തിലെ പ്രചരണസമിതിയുടെ നിർദേശം.
23 മുതൽ 25വരെ നവകേരള സദസ് എത്തുന്ന നഗരപരിധിയിലെ സ്ഥാപനങ്ങളിൽ വൈദ്യുത ദീപങ്ങൾ തെളിയിച്ചുകൊണ്ടുള്ള അലങ്കാരങ്ങൾ നടത്തണമെന്നും സ്ഥാപനത്തിന്റെ മുൻവശവും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും നഗരസഭ ചെയർപേഴ്സന്റെയും സെക്രട്ടറിയുടെയും പേരിൽ അയച്ച നോട്ടീസിൽ പറയുന്നു. മണ്ഡലാടിസ്ഥാനത്തിൽ പല തദ്ദേശസ്ഥാപനങ്ങളും ഇത്തരത്തിൽ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് പ്രതികരിച്ചു.
അതേസമയം വെള്ളിയാഴ്ച വൈകുന്നേരം മേമുണ്ടയിൽ നടക്കുന്ന നവകേരള സദസിനെ സ്വീകരിക്കുന്നതിന് മുന്നോടിയായി വീടുകളിൽ ദീപം തെളിയിക്കണമെന്നാണ് പുറമേരി പഞ്ചായത്ത് പ്രചരണ കമ്മിറ്റിയുടെ നിർദേശം. വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ ഏഴുവരെ ദീപം തെളിയിക്കണമെന്നാണ് ആഹ്വാനം.പ്രചരണഘോഷയാത്രയിൽ ജീവനക്കാരെ അണിനിരത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ വകുപ്പ് മേധാവികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കത്ത് നൽകിയത് വിവാദമായിരുന്നു. പ്രസിഡന്റിന്റെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരുടെ സംഘടന രംഗത്തെത്തിയിരുന്നു.