കൊല്ലം: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. കേരള സര്‍ക്കാര്‍ അടുത്തിടെ കേരള പ്രഭ പുരസ്കാരം നല്കി ആദരിച്ചിരുന്നു.പിന്നാക്ക വിഭാഗ കമ്മീഷന് ആദ്യ അധ്യക്ഷ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1989ലാണ് ജസ്റ്റിസ് ഫാത്തിമ ബീവി സുപ്രീം കോടതി ജഡ്ജിയായി നിയമിതയായത്. ഉന്നത ജുഡീഷ്യറിയില്‍ എത്തുന്ന ആദ്യ മുസ്ലിം വനിത കൂടിയാണ്. സുപ്രീം കോടതിയില്‍നിന്നു വിരമിച്ച ശേഷം ദേശീയ മനുഷ്യാവകാശ കമ്മിഷന് അംഗമായി പ്രവര്‍ത്തിച്ചു. 1997 മുതല്‍ 2001 വരെ തമിഴ്നാട് ഗവര്‍ണര്‍ ആയിരുന്നു.
1927-ൽ അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായി പത്തനംതിട്ടയിൽ ആയിരുന്നു ജനനം. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. തിരുവനന്തപുരം ലോ കോളജില്‍ നിന്നും നിയമ ബിരുദം കരസ്ഥമാക്കിയ അവർ1950-ല്‍ അഭിഭാഷകയായി എന്റോള്‍ ചെയ്തു. അന്‍പതുകളുടെ അവസാനത്തോടെ ജുഡീഷ്യല്‍ സര്‍വീസില്‍ എത്തി.
1958-ല്‍ സബോഡിനേറ്റ് മുന്‍സിഫായി നിയമിതയായി. പിന്നീട് 1968ല്‍ സബ് ജഡ്ജ് ആയും 1974ല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ആയും സ്ഥാനക്കയറ്റം ലഭിച്ചു.1983-ല്‍ ആണ് ഹൈക്കോടതി ജസ്റ്റീസ് ആയത്. 1989 ഏപ്രില്‍ 29-ന് ഹൈക്കോടതിയില്‍ നിന്നും വിരമിച്ചെങ്കിലും ആ വർഷം ഒക്ടോബര്‍ ആറിന് സുപ്രീം കോടതിയില്‍ ജസ്റ്റീസായി നിമനം ലഭിച്ചു. 1992 ഏപ്രില്‍ 29-നാണ് സുപ്രീം കോടതിയില്‍ നിന്നും വിരമിച്ചു. 1997 മുതല്‍ 2001 കാലഘട്ടത്തിൽ തമിഴ്നാട് ഗവര്‍ണര്‍ ആയി സേവനമനുഷ്ഠിച്ചു.