മലപ്പുറം : നവകേരള സദസിന് സ്കൂൾ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാൻ പ്രധാന അധ്യാപകർക്ക് നിർദേശം നൽകിയത്. ഓരോ സ്കൂളില്‍നിന്നും കുറഞ്ഞത് 200 കുട്ടികളെയെങ്കിലും എത്തിക്കണമെന്നാണ് ആവശ്യം.
താനൂര്‍ മണ്ഡലത്തില്‍നിന്ന് 200 ഉം തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളില്‍നിന്ന് കുറഞ്ഞത് 100 കുട്ടികളെ വീതമെങ്കിലും എത്തിക്കണമെന്നാണ് ഡിഇഒ നിര്‍ദേശിച്ചത്. അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാൽ മതിയെന്നും നിർദേശമുണ്ട്. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂര്‍, പരപ്പനങ്ങാടി, വേങ്ങര, തിരൂരങ്ങാടി എന്നീ നാല് ഉപജില്ലകളില്‍ നിന്നാണ് കുട്ടികളെ പങ്കെടുപ്പിക്കേണ്ടത്.
പ്രധാന അധ്യാപകര്‍ യോഗത്തില്‍ അതൃപ്തി അറിയിച്ചപ്പോൾ മുകളില്‍നിന്നുള്ള നിര്‍ദേശമാണ് എന്നാണ് ഡിഇഒ മറുപടി നൽകിയതെന്നാണ് റിപ്പോർട്ട്. വേണമെങ്കില്‍ പ്രാദേശിക അവധി നല്‍കാം എന്നും ഡിഇഒ പറഞ്ഞു. കുട്ടികളെ എത്തിക്കുന്നതിന് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ സമ്മതപത്രം വേണമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടിയപ്പോള്‍, അത് സ്കൂളുകള്‍ സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്യണമെന്നായിരുന്നു മറുപടി നൽകിയതെന്നാണ് റിപ്പോർട്ടുകൾ.