കോഴിക്കോട് : ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് അമ്മയെയും മകളെയും തള്ളിയിട്ട ടിടിഇക്കെതിരെ പരാതി. റിസർവേഷൻ കോച്ചിൽ മാറികയറി എന്നാരോപിച്ച് ട്രെയിനിൽ നിന്ന് തള്ളിയിട്ടു എന്നാണ് പരാതി. വീഴ്ചയിൽ അമ്മയുടെ കൈക്കു പരിക്കേറ്റു.
കണ്ണൂർ പാപ്പിനിശേരി വെണ്ടക്കൻ വീട്ടിൽ ഫൈസലിന്റെ ഭാര്യ ശരീഫ, 17 വയസ്സുള്ള മകൾ എന്നിവരെയാണ് നേത്രാവതി എക്സ്പ്രസ് എസ്2 കോച്ചിൽ നിന്നു ടിടിഇ തള്ളിയിട്ടതായി റെയിൽവേ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നാലാം പ്ലാറ്റഫോമിലാണ് സംഭവം. കണ്ണൂരിലേക്കു പോകാനെത്തിയ കുടുംബത്തിനു ജനറൽ ടിക്കറ്റാണ് ലഭിച്ചത്. ജനറൽ കംപാർട്മെന്റിൽ തിരക്കായതിനാൽ ഭാര്യയെയും മകളെയും ജനറൽ കംപാർട്മെന്റിൽ കയറ്റി. പുറത്തു ബഹളം കേട്ട് നോക്കുമ്പോഴാണ് മകളെ ട്രെയിനിൽ നിന്ന് തള്ളിയിറക്കുന്നത് കണ്ടത്. ഉടനെ തന്നെ പുറത്തിറങ്ങി മകളെപിടിച്ചപ്പോൾ ഭാര്യയെയും ട്രെയിനിൽ നിന്ന് തള്ളിയിറക്കുകയായിരുന്നു. വീഴ്ചയിൽ ഷരീഫയ്ക്ക് കൈക്കു പരിക്കേറ്റു. തിരക്കിനിടയിൽ കുട്ടിയെയും ഭാര്യയെയും ടിടിഇ തള്ളിയിട്ടതാണെന്നും അന്വേഷിച്ച് ടിടിഇയ്ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് റെയിൽവേ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.