കണ്ണൂര്‍: കണ്ണൂരില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സാംപിള്‍ മാത്രമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി. കല്യാശേരിയിലേത് സാമ്പിള്‍. കനഗോലുന്റെ വാക്കുകേട്ട് വിവരക്കേടിന് വന്നാല്‍ പൊടി പോലും കിട്ടില്ലെന്നാണ് ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന് ശശി ഫെയ്സ്ബുക്കില്‍ കുറിച്ചത്. വിവാദമായതോടെ ഫെയ്സ്ബുക്ക് പോസ്റ്റ് സരിന് ശശി പിന്‍വലിച്ചു. തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ളതായിരുന്നു പോസ്റ്റ് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പോസ്റ്റ് പിൻവലിക്കുന്നതായി സരിൻ ശശി അറിയിച്ചത്.
ഇന്നലെ കല്യാശേരിയില്‍ നവകേരള സദസ് കഴിഞ്ഞ് തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.
നവകേരള സദസ് കണ്ണൂരില്‍ രണ്ടാം ദിവസവും തുടരുകയാണ്. അഴീക്കോട്, കണ്ണൂര്‍, തലശ്ശേരി, ധര്‍മ്മടം മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കുക. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ വര്‍ധിപ്പിച്ചു. പരിപാടി നടക്കുന്ന സ്ഥലത്തും നവകേരള സദസ് യാത്രയിലും കൂടുതല്‍ പൊലീസിനെ വിന്യസിക്കും.
അതേസമയം നവകേരള സദസ് വേദിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 11 ന് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന നവകേരള സദസിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് പ്രഖ്യാപനം. കരിങ്കൊടു കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐക്കാര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്.