മുംബൈ : ഇന്ത്യൻ പരിശീലകനെന്ന നിലയിലുള്ള ദ്രാവിഡുമായുള്ള ബിസിസിഐ കരാർ ഞായറാഴ്ച നടന്ന ലോകകപ്പ് ഫൈനലോടെ അവസാനിച്ചു. തന്റെ ഭാവി സംബന്ധിച്ചു തീരുമാനമൊന്നും എടുത്തിട്ടില്ലെന്നു വ്യക്തമാക്കുകയാണ് ദ്രാവിഡ്. കരാർ കാലവധി അവസാനിച്ചെങ്കിലും ഇതു സംബന്ധിച്ചു ഔദ്യോഗിക അറിയിപ്പോ മറ്റു നടപടികളോ ബിസിസിഐ എടുത്തിട്ടില്ല. മത്സര ശേഷം മാധ്യമങ്ങളെ കാണവേ ഇക്കാര്യത്തിലടക്കമുള്ള തന്റെ തീരുമാനം സംബന്ധിച്ചു ദ്രാവിഡിന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു.
‘അതിനെക്കുറിച്ചൊന്നും ഞാൻ ചിന്തിട്ടില്ല. ഇപ്പോൾ ഒരു മത്സരം കഴിഞ്ഞ് ഇറങ്ങിയതേയുള്ളു. ഭാവി സംബന്ധിച്ചു തീരുമാനം എടുക്കാൻ എനിക്കു സമയം കിട്ടിയിട്ടില്ല. സമയം കിട്ടുമ്പോൾ അതെല്ലാം ആലോചിക്കും. ഇത്രയും ദിവസം ലോകകപ്പിൽ മാത്രമായിരുന്നു ശ്രദ്ധ. എന്റെ മനസിൽ മറ്റു കാര്യങ്ങൾ ഉണ്ടായിരുന്നില്ല.’
‘രണ്ട് വർഷത്തെ പരിശീലകനെന്ന നിലയിലുള്ള കാര്യങ്ങൾ വിശകലനം ചെയ്യണം എന്ന ചിന്തയൊന്നും എനിക്കില്ല. പരിശീലകനെന്ന നിലയിൽ ഞാൻ എന്നെ തന്നെ വിശകലനം ചെയ്യേണ്ട ആവശ്യമൊന്നുമില്ല. രണ്ട് വർഷം എല്ലാ ഫോർമാറ്റിലും കളിക്കുന്ന താരങ്ങൾക്കൊപ്പം പ്രവൃത്തിക്കാൻ കഴിഞ്ഞതു തന്നെ അഭിമാനകരം. എനിക്ക് ലഭിച്ചത് ഒരു പദവിയാണ്.’
‘സത്യസന്ധമായി പറയട്ടെ ഭാവിയിൽ ഇന്ത്യൻ പരിശീലകനായി തുടരുമോ ഇല്ലയോ എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. ഞാൻ പറഞ്ഞല്ലോ എന്റെ ചിന്ത കുറച്ചു കാലമായി ഈ ലോകകപ്പിനെക്കുറിച്ചു മാത്രമായിരുന്നു. മറ്റൊരു പദ്ധതിയും എന്റെ ഉള്ളിൽ ഉണ്ടായിരുന്നില്ല’- ദ്രാവിഡ് പറഞ്ഞു.
ഈ ലോകകപ്പ് വരെയാണ് ദ്രാവിഡിന്റെ കരാർ. 2021ലാണ് രവി ശാസ്ത്രിയുടെ പകരക്കാരനായി ദ്രാവിഡ് ടീമിന്റെ ചുമതലയേറ്റത്. മികച്ച രീതിയിൽ ടീമിനെ ലോകകപ്പിന്റെ ഫൈനൽ വരെ എത്തിക്കുന്നതിൽ ദ്രാവിഡിനു നിർണായക പങ്കുണ്ട്.