ന്യൂഡല്‍ഹി : തീര്‍പ്പാക്കാത്ത വിവിധ ബില്ലുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരായ തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി ഡിസംബര്‍ ഒന്നിലേക്ക് മാറ്റി. ഗവര്‍ണര്‍ ആര് എന്‍ രവിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഹര്‍ജി പരിഗണിക്കുമ്പോള്‍ സുപ്രീംകോടതി ഉന്നയിച്ചത്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളില്‍ അനുവാദം നല്‍കാതെ കാലതാമസം വരുത്തുന്നുവെന്ന് കാണിച്ച് തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോത്തഗിയാണ് തമിഴ്നാട് സര്‍ക്കാരിന് വേണ്ടി ഹാജരായത്.
2020 മുതല്‍് ബില്ലുകള്‍ കെട്ടിക്കിടക്കുകയായിരുന്നു. മൂന്ന് വര്‍ഷമായി അദ്ദേഹം എന്താണ് ചെയ്യുന്നതെന്നും കോടതി ചോദിച്ചു. നവംബര്‍ 10 ന് തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ കോടതി നോട്ടീസ് അയച്ചതിന് ശേഷം മാത്രമാണ് പത്ത് ബില്ലുകള്‍ ഗവര്‍ണര്‍ തിരിച്ചയച്ചതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ നിഷ്ക്രിയത്വം ഗൗരവതരമായ പ്രശ്നമാണെന്ന് നോട്ടീസ് നല്‍കുന്നതിനിടെ കോടതി നിരീക്ഷിച്ചിരുന്നു. ഏതെങ്കിലും പ്രത്യേക ഗവര്‍ണര്‍ കാലതാമസം വരുത്തിയോ എന്നതല്ല, പൊതുവേ ഭരണഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടുണ്ടോ എന്നതാണ് പ്രശ്നമെന്നും ബെഞ്ച് നിരീക്ഷിച്ചു.
2020 ജനുവരി മുതല്‍ ഈ ബില്ലുകള്‍ തീര്‍പ്പാക്കാതെ കിടക്കുന്നു. കോടതി നോട്ടീസ് പുറപ്പെടുവിച്ചതിന് ശേഷമാണ് ഗവര്‍ണര്‍ തീരുമാനമെടുത്തത്. കക്ഷികള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത് വരെ ഗവര്‍ണര്‍ എന്തിന് കാത്തിരിക്കണം? അറ്റോര്‍ണി ജനറല്‍ ആര് വെങ്കിട്ടരമണിയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു.
സംസ്ഥാന സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ അധികാരം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ബില്ലുകളുമായി മാത്രമാണ് തര്‍ക്കം ഉണ്ടായിരിക്കുന്നതെന്നും ഇത് ഒരു പ്രധാന വിഷയമായതിനാല്‍ പുനര്‍വിചിന്തനം ആവശ്യമാണെന്നും എജി മറുപടി നല്കി. നിയമം, കൃഷി, ഉന്നത വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന 10 ബില്ലുകളാണ് നവംബര്‍ 13 ന് ഗവര്‍ണര്‍ ആര് എന്‍ രവി തിരിച്ചയച്ചത്. തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കി വീണ്ടും ഗവര്‍ണറുടെ അനുമതിക്കായി അയച്ചിരിക്കുകയാണ്