അഹമ്മദാബാദ് : ഓസ്ട്രേലിയക്കെതിരായ ഫൈനലില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റുകള്‍ നഷ്ടം. 200 കടന്നതിനു പിന്നാലെ രാഹുലിനെ പുറത്താക്കി ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളി മിച്ചല്‍ സ്റ്റാര്‍ക്ക്. തൊട്ടു പിന്നാലെ എത്തിയ മുഹമ്മദ് ഷമിയേയും സ്റ്റാര്‍ക്ക് തന്നെ പുറത്താക്കിയാണ് ഇന്ത്യയെ വരിഞ്ഞു മുറുക്കിയത്. പിന്നെ സാംപയുടെ ഊഴം. ബുമ്രയെ മടക്കി വീണ്ടും പ്രഹരം. ബുമ്ര ഒറ്റ റണ്ണില്‍ പുറത്ത്.
സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നിലവില്‍ ഇന്ത്യ എട്ടിന് 217 എന്ന നിലയില്‍.
നിര്‍ണായക അര്‍ധ സെഞ്ച്വറിയുമായി കെഎല്‍ രാഹുല്‍ ക്രീസില്‍ തുടരുന്നതനിടെയാണ് താരത്തിന്റെ പ്രതിരോധം തകര്‍ത്ത് സ്റ്റാര്‍ക്ക് വിക്കറ്റ് വീഴ്ത്തിയത്. 107 പന്തുകള്‍ നേരിട്ട് രാഹുല്‍ 66 റണ്‍സെടുത്തു. ഷമി ആറ് റണ്‍സുമായി മടങ്ങി. 15 റണ്‍സുമായി സൂര്യകുമാര്‍ യാദവും 2 റണ്ണുമായി കുൽദീപ് യാദവും ക്രീസില്‍.
രവീന്ദ്ര ജഡേജയെ മടക്കി ജോഷ് ഹെയ്സല്‍വുഡ് ഇന്ത്യയുടെ അഞ്ചാം വിക്കറ്റ് സ്വന്തമാക്കിയിരുന്നു. കോഹ്ലി പുറത്തായിട്ടും ജഡേജയെ കൂട്ടുപിടിച്ച് രാഹുല്‍ പോരാട്ടം ഓസീസ് ക്യാമ്പിലേക്ക് നയിക്കുന്നതിനിടെയാണ് ജഡേജയുടെ വീഴ്ച. ഹെയ്സല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിനു ക്യാച്ച് നല്‍കിയാണ് ജഡേജയുടെ മടക്കം. താരം 9 റണ്‍സെടുത്തു.
നേരത്തെ 86 പന്തുകള്‍ പ്രതിരോധിച്ചാണ് ഇന്ത്യക്ക് ഏറെ നിര്‍ണായകമായ ഇന്നിങ്സ് കളിച്ച് രാഹുല്‍ 50 തികച്ചത്. അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ വിരാട് കോഹ്ലി മടങ്ങി ഇന്ത്യ കൂടുതല്‍ പ്രതിരോധത്തിലായിരുന്നു.
29ാം ഓവറിന്റെ രണ്ടാം പന്തില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ കോഹ്ലി ക്ലീന്‍ ബൗള്‍ഡായി. കോഹ്ലി 63 പന്തില്‍ 54 റണ്‍സെടുത്തു മടങ്ങി. നാല് ഫോറുകള്‍ സഹിതമാണ് അര്‍ധ സെഞ്ച്വറി. കെഎല്‍ രാഹുലുമൊത്തു മികച്ച കൂട്ടുകെട്ടുയര്‍ത്തി പൊരുതവെയാണ് കമ്മിന്‍സ് ഇന്ത്യയെ ഞെട്ടിച്ചത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് നേരത്തെ പുറത്തായത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറിക്ക് മുന്‍പ് വീണ്ടും മടങ്ങി. ഇത്തവണയും മിന്നല്‍ തുടക്കം നല്‍കിയാണ് നായകന് മടങ്ങിയത്. തൊട്ടു പിന്നാലെ എത്തിയ ശ്രേയസ് അയ്യരും പുറത്തായി.
31 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും സഹിതം രോഹിത് 47 റണ്‍സെടുത്തു. ഗ്ലെന്‍ മാക്സ്വെല്ലിന്റെ പന്തില്‍ ഉജ്ജ്വല ക്യാച്ചെടുത്ത് ട്രാവിസ് ഹെഡ്ഡാണ് രോഹിതിനെ അവിശ്വസനീയമാം വിധം മടക്കിയത്.
തൊട്ടുപിന്നാലെ പന്തെറിയാനെത്തിയ ഓസ്ട്രേലിയന്‍ നായകന് പാറ്റ് കമ്മിന്‍സാണ് ശ്രേയസിനെ പുറത്താക്കി ഇന്ത്യയെ ഞെട്ടിച്ചത്. താരം മൂന്ന് പന്തില്‍ നാല് റണ്‍സുമായി മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിനു പിടി നല്‍കിയാണ് ശ്രേയസിന്റെ മടക്കം.
നേരത്തെ സ്കോര്‍ 30ല്‍ എത്തിയപ്പോള്‍ ഗില്‍ പുറത്തായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ആദം സാംപയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
ഏഴ് പന്തില്‍ നാല് റണ്‍സുമായി ഗില്‍ മടങ്ങി. ടോസ് നേടി ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു.