മുംബൈ : പ്രമുഖ ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗാധ്വി അന്തരിച്ചു. 56 വയസായിരുന്നു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരിക്കാം മരണകാരണം എന്നാണ് കരുതുന്നത്. സൂപ്പർഹിറ്റായ ധൂം, ധൂം 2 എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്.
മകൾ സഞ്ജിന ഗാധ്വിയാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. പിതാവ് പൂർണ ആരോഗ്യവാനായിരുന്നു എന്നാണ് സഞ്ജിന പറയുന്നത്. 57ാം പിറന്നാൾ ആഘോഷിക്കാൻ മൂന്ന് ദിവസം ശേഷിക്കെയായിരുന്നു സഞ്ജയ് ഗാധ്വിയുടെ അപ്രതീക്ഷിത മരണം. ജീനയാണ് ഭാര്യ. സഞ്ജിനിയെക്കൂടാതെ മറ്റൊരു മകൾകൂടിയുണ്ട്.
2000-ൽ പുറത്തിറങ്ങിയ തേരേ ലിയേ എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ചിത്രം. പുതുമുഖങ്ങൾ മുഖ്യവേഷത്തിലെത്തിയ ചിത്രം അത്ര വലിയ വിജയമായില്ല. 2002-ൽ മേരേ യാർ കി ഷാദി ഹേ എന്ന ചിത്രം സംവിധാനം ചെയ്തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്നാണ് 2004-ൽ ധൂം വരുന്നത്. അഭിഷേക് ബച്ചൻ, ജോൺ എബ്രഹാം, ഉദയ് ചോപ്ര എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ബോക്സോഫീസ് റെക്കോർഡുകൾ തകർത്തു. 2006-ൽ പുറത്തിറങ്ങിയ ധൂം-2- ആദ്യ ഭാഗത്തേക്കാൾ ഹിറ്റായി. 2012-ലിറങ്ങിയ അജബ് ഗസബിനുശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്തു. 2020-ൽ പുറത്തിറങ്ങിയ ഓപ്പറേഷൻ പരീന്ദേ ആണ് അവസാന ചിത്രം.