അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെമിയിൽ കളിച്ച അതേ സംഘത്തെ ഇരുടീമുകളും നിലനിർത്തി. ടൂർണമെന്റിൽ തകർപ്പൻ ഫോമിലുള്ള ഇന്ത്യ ഇതുവരെ കളിച്ച പത്ത് മത്സരവും ജയിച്ച് ആധികാരികമായാണ് ഫൈനലിലെത്തിയത്. ഓസീസ് ലീഗ് റൗണ്ടിൽ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോറ്റു. അതേ ദക്ഷിണാഫ്രിക്കയെ സെമിയിൽ തകർത്താണ് ഓസീസിന്റെ ഫൈനൽ പ്രവേശം.
നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ അഞ്ചാം നമ്പർ പിച്ചാണ് മത്സരത്തിന് ഉപയോഗിക്കുന്നത്. ഇന്ത്യ-പാകിസ്താൻ മത്സരത്തിന് ഉപയോഗിച്ച വിക്കറ്റാണിത്. കളിയിൽ ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ 42.5 ഓവറിൽ 191 റൺസിന് എല്ലാവരും പുറത്തായിരുന്നു. 30.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. 2003ലാണ് ഇതിന് മുമ്പ് ഇന്ത്യയും ഓസീസും ഏകദിന ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയത്. അന്ന് ഓസീസിനായിരുന്നു ജയം.
ഇന്ത്യ ടീം: രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.
ഓസ്ട്രേലിയ ടീം: ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ൻ, ഗ്ലെൻ മാക്സ്വെൽ, ജോഷ് ഇൻഗ്ലിസ്, മിച്ചൽ സ്റ്റാർക്, പാറ്റ് കമ്മിൻസ്, ആദം സാംപ, ജോഷ് ഹേസിൽവുഡ്.