കാസര്‍ഗോഡ്: മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം എന്‍.എ.അബൂബക്കര്‍ നവകേരള സദസില്‍ പങ്കെടുത്തു. കാസര്‍ഗോഡ് മണ്ഡലത്തില്‍ നടക്കുന്ന നവകേരള സദസിന്റെ പ്രഭാത യോഗത്തിലാണ് അബൂബക്കര്‍ എത്തിയത്.മുഖ്യമന്ത്രിയുടെ തൊട്ടടുത്ത ഇരിപ്പിടത്തിലാണ് ഇദ്ദേഹത്തിന് സ്ഥാനം നൽകിയത്.
കാസര്‍ഗോഡ് ജില്ലയിലെ പ്രമുഖ വ്യവസായി കൂടിയാണ് അബൂബക്കര്‍. പൗരപ്രമുഖന്‍ എന്ന രീതിയിലാണ് ഇദ്ദേഹത്തെ ക്ഷണിച്ചതെന്നും കക്ഷി രാഷ്ട്രീയം നോക്കിയില്ലെന്നുമാണ് സംഘടകരുടെ വിശദീകരണം.അതേസമയം പ്രഭാതയോഗത്തില്‍ പൗരപ്രമുഖരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന് നായര്‍മാര്‍മൂല മിനി സ്റ്റേഡിയത്തില്‍ കാസര്‍ഗോഡ് മണ്ഡലത്തിലെ സദസ് നടക്കും. വൈകിട്ട് മൂന്നിന് ഉദുമയിലും നാലരയ്ക്ക് കാഞ്ഞങ്ങാടും ആറ് മണിക്ക് തൃക്കരിപ്പൂരുമാണ് പരിപാടി നടക്കുക. തിങ്കളാഴ്ച കണ്ണൂര്‍ ജില്ലയിലാണ് മന്ത്രിസംഘം എത്തുക.