തിരുവനന്തപുരം : സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് പണം കണ്ടെത്താന്‍ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള സര്‍ക്കുലര്‍ റദ്ദാക്കി ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതാണ് ഉത്തരവ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വിഹിതം സമയബന്ധിതമായി ലഭിക്കാതെ പ്രതിസന്ധിയിലായതോടെയാണ് പണം കണ്ടെത്തുന്നതിന് മുഴുവന്‍ സ്കൂള്‍തലങ്ങളിലും ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപവത്കരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയത്. ഈ സര്‍ക്കുലറാണ് വിവാദമായതോടെ പിന്‍വലിച്ചത്.
സ്കൂളുകളിലെ ഉച്ചഭക്ഷണപദ്ധതിക്കുള്ള ചെലവിനായി നാട്ടുകാരില്‍നിന്നു പലിശരഹിത വായ്പ സ്വീകരിക്കാമെന്നായിരുന്നു മുന്‍ ഉത്തരവ്. പിരിവിനും പദ്ധതിക്കാവശ്യമായ വിഭവങ്ങള്‍ കണ്ടെത്തുന്നതിനുമായി നവംബര്‍ 30നകം ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപവത്കരിക്കാനും നിര്‍ദേശിച്ചിരുന്നു.
കേന്ദ്ര ഫണ്ട് വൈകുന്നുവെന്നു കാണിച്ചായിരുന്നു നീക്കം. സര്‍ക്കാര്‍, എയ്ഡഡ്, സ്പെഷല്‍ സ്കൂളുകളില്‍ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കണം. സമിതി സ്കൂളില്‍ നിലവിലുള്ള ഉച്ചഭക്ഷണ കമ്മിറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നായിരുന്നു ഉത്തരവ്. രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, പൗരപ്രമുഖര്‍ എന്നിവരില്‍ നിന്നു പലിശരഹിത വായ്പ ലഭ്യമാക്കാന്‍ കഴിയുമോയെന്നു സമിതി കണ്ടെത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നു.