കാസര്‍കോട് : ദേശീയ പാത സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മഞ്ചേശ്വരത്തെ പൈവളിഗെ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നവകേരളസദസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നവകേരളയാത്രയെയും സദസിനേയും വലിയതോതില്‍ നെഞ്ചേറ്റി കേരളത്തിന് മാതൃക കാണിച്ച മഞ്ചേശ്വരം മണ്ഡലത്തെ അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
യാത്ര തുടങ്ങുന്നതിന് മുന്‍പേ ബസിന്റെ ആഢംബരത്തെ കുറിച്ചായിരുന്നു ചര്ച്ചു. ആദ്യമായാണ് തങ്ങളും ഈ ബസില്‍ കയറുന്നത്. എന്നാല്‍ ബസിന്റെ ആഢംബരം എന്താണെന്ന് എത്ര പരിശോധിച്ചിട്ട് കണ്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പരിപാടിക്ക് ശേഷം എല്ലാവരും ഇവിടെ നിന്ന് അതേബസില്‍ കയറിയാണ് കാസര്‍കോട്ടേക്ക് തിരിച്ചുപോകുക. മാധ്യമപ്രവര്‍ത്തകരോട് ഒരഭ്യര്ഥനയുള്ളത് എല്ലാവരും ഈ ബസില്‍ കയറണം. നിങ്ങള്‍ എന്തെല്ലാം കൊടുത്താലും നിങ്ങളുമായി നല്ല ബന്ധമാണ് പുലര്‍ത്തിപ്പോരുന്നത്. നിങ്ങള്‍ക്ക് ഈ ബസ് പരിശോധിച്ച് ഈ ബസില്‍ എത്ര ആര്ഭാടമുണ്ടെന്ന് കാട്ടിക്കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ നാട് പലകാര്യങ്ങളിലും രാജ്യവും ലോകവും ശ്രദ്ധിക്കുന്ന നാടാണ്. ഇവിടെ ആ മുന്നോട്ടുപോക്കിന് വല്ലാത്ത ഒരു തടസം അനുഭവപ്പെട്ടിട്ടുണ്ട്. അതിന്റെ ഭാഗമായി കേരളമാകെ കടുത്ത നിരാശയില്‍ കഴിഞ്ഞ ഒരുകാലമുണ്ടായിരുന്നു. 2016ന് മുന്‍പ് കേരളീയര്‍ എല്ലാ മേഖലയിലും കടുത്തനിരാശയിലായിരുന്നു. അയല്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തിയില്‍ ജീവിച്ചിരിക്കുന്നവരാണ് നിങ്ങള്‍. തൊട്ടപ്പുറത്ത് മനോഹരമായ റോഡ്. ഇപ്പുറത്ത് വളരെ ഇടുങ്ങിയ റോഡ്. ഇതിന് ഇവിടെ മാറ്റമുണ്ടാകില്ലെന്ന് വിശ്വസിച്ചിരുന്ന ജനങ്ങള്‍ ഉണ്ടായിരുന്നു. ഇവിടെ ഒരു കൂട്ടം ആളുകള്‍ ഉണ്ട്. കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടസപ്പെടുത്തുന്ന സ്വഭാവമുള്ളവര്‍. സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ നിക്ഷിപ്ത താത്പര്യമുള്ളവരാണ് അവരെന്നും പിണറായി പറഞ്ഞു.
ദേശീയപാത സമയബന്ധിതമായി പൂര്‍ത്തിയാക്കും. രാജ്യത്ത് ആദ്യം ദേശീയപാത വികസനം പൂര്‍ത്തിയാക്കുന്ന സംസ്ഥാനമായി കേരളം മാറും.216ന് മുന്‍പ് അധികാരത്തില്‍ വന്ന സര്‍ക്കാരാണ് തുടര്‍ന്നതെങ്കില്‍ ഈ മാറ്റമുണ്ടാകുമായിരുന്നോ?. കേരളം പതിവുപോലെ തെരഞ്ഞടുപ്പില്‍ വലതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എന്താവുമായിരുന്നു സ്ഥിതി. ജനത്തിന് കാര്യങ്ങള്‍ നല്ല പോലെ മനസിലായപ്പോഴാണ് എല്‍ഡിഫിന് തുടര്‍ഭരണം സമ്മാനിച്ചത്. നവകേരള സദസ് പൂര്‍ണമായും സര്‍ക്കാര്‍ പരിപാടിയാണ്. ഈ പരിപാടിയില്‍ ഇവിടുത്തെ എംഎല്‍എ പങ്കെടുക്കേണ്ടത് ആയിരുന്നു. എന്നാല്‍ ലീഗ് എംഎല്‍എ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസിന് നിര്‍ബന്ധം. നാടിന്റെ ജനാധിപത്യത്തിന് വിരുദ്ധമാണ് അവരുടെ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ റവന്യൂ മന്ത്രി കെ രാജന് അധ്യക്ഷത വഹിച്ചു. വാദ്യഘോഷങ്ങളോടെയാണു മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിലക്ക് ആനയിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസ്സിന്റെ ഭാഗമായി പര്യടനം നടത്തും. വിവിധ ജില്ലകളിലെ പരിപാടികള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സമാപനം.