കൊച്ചി: അടുത്ത വർഷം ഏഷ്യയിൽ നിശ്ചയമായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ കൊച്ചി ഒന്നാം സ്ഥാനത്ത്. ലോക പ്രശസ്ത ട്രാവൽ പ്രസിദ്ധീകരണമായ കൊണ്ടെ നാസ്റ്റ് ട്രാവലർ ആണ് കൊച്ചിയെ പട്ടികയിൽ ഒന്നാമതായി ഉൾപ്പെടുത്തിയത്.
കൊച്ചിയുടെ സുസ്ഥിര വികസനം, മികച്ച ജല ഗതാഗതം, ഉത്സവങ്ങൾ എന്നിവയാണ് പ്രധാന ആകർഷകമായി വിവരിക്കുന്നത്. പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ നഗരവും കൊച്ചിയാണ്. ഉത്തരവാദിത്വ ടൂറിസം മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ നിഷ്കർഷയാണ് ഈ നേട്ടത്തിനു പിന്നിലെന്നു ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി. നേപ്പാളിലെ കാഠ്മണ്ഡു താഴ്വര, സിംഗപ്പുർ, ഉസ്ബെക്കിസ്ഥാനിലെ സിൽക്ക് റോഡ്, ജപ്പാനിലെ കോബെ നഗരം, തായ്ലൻഡിലെ ബാങ്കോക്ക്, മംഗോളിയ, യുഎഇയിലെ റാസ് അൽ ഖൈമ, സൗദി അറേബ്യയിലെ ചുവന്ന സമുദ്രം, വിയറ്റ്നാമിലെ ഡാ നംഗ്, തെക്കൻ, മധ്യ ശ്രീലങ്ക എന്നിവയാണ് പട്ടികയിൽ മറ്റ് സ്ഥലങ്ങൾ.