തിരുവനന്തപുരം : അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിൽ മുന്നറിയിപ്പുമായി കേരളാ പൊലീസ്. ആവശ്യമായ രേഖകള്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെയാണ് മുന്നറിയിപ്പ്.
അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയും പുറത്തുവിട്ടു. 168 സ്ഥാപനങ്ങളുടെ പട്ടികയാണ് പൊലിസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ബഡ്സ് നിയമ പ്രകാരം നടപടി സ്വീകരിക്കാൻ സർക്കാർ ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദ്ദേശം നൽകി. പൊലിസിന്റെ ഔദ്യോഗിക സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്. രജിസ്ട്രാർ ഓഫ് കമ്പനിയാണ് കമ്പനികളുടെ പേര് സർക്കാരിന് കൈമാറിയത്.