തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സാമൂഹിക മാധ്യമ ഹാന്‍ഡിലുകള്‍ നിയന്ത്രിക്കുന്ന 12 പേരടങ്ങുന്ന സംഘത്തിന്റെ കരാര്‍ പുതുക്കി. ടീമിന്റെ ശമ്പളത്തിനായി പ്രതിവര്‍ഷം ചെലവഴിക്കുന്നത് 80 ലക്ഷം രൂപയെന്നും റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിയുടെ സാമൂഹികമാധ്യമ ഹാന്‍ഡിലുകളുടെ പ്രവര്‍ത്തനം മുടങ്ങാതിരിക്കാനും, ഹാന്‍ഡിലുകളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനാണെന്നും ചൂണ്ടിക്കാട്ടിയാണ് കരാര്‍ പുതുക്കിയത്. ഇതുസംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക്റിലേഷന്‍സ് വകുപ്പാണ് 16ാം തീയതി മുതല്‍ കാലാവധി നീട്ടി ഉത്തരവിറക്കിയത്. ടീം ലീഡര്‍, കണ്ടന്റ് മാനേജര്‍, സീനിയര്‍ വെബ് അഡ്മിനിസ്ട്രേറ്റര്‍, സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ടീം.
സാമൂഹിക മാധ്യമം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം ടീമിനെ നിയമിച്ചത് വിവാദമായിരുന്നു. പിആര്‍ഡിയിലും, സിഡിറ്റിലും സംവിധാനങ്ങളുള്ളപ്പോള്‍ പുതിയ സംഘത്തെ നിയമിക്കേണ്ടതില്ലെന്നായിരുന്നു വിമര്‍ശനം. എന്നാല്‍, ഇതിനായി പ്രാവീണ്യമുള്ള ആളുകളെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ സംഘത്തെ നിയമിച്ചത്.