ന്യൂഡല്‍ഹി : പത്ത്ലക്ഷം ജനസംഖ്യയ്ക്ക് നൂറ് എംബിബിഎസ് സീറ്റുകള്‍ ആയി നിജപ്പെടുത്താനുള്ള തീരുമാനം താത്കാലികമായി പിന്‍വലിച്ച് മെഡിക്കല്‍ കൗണ്‍സില്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. ഒരുവര്‍ഷത്തിന് ശേഷമേ എംബിബിഎസ് സീറ്റുകള്‍ക്ക് പരിധി വെക്കാനുള്ള തീരുമാനം നടപ്പാക്കുകയുള്ളുവെന്നും മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ ജനസംഖ്യയ്ക്ക് ആനുപാതികമായി എംബിബിഎസ് സീറ്റുകള്‍ നല്‍കാനുള്ള തീരുമാനത്തിലെ വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്. നിലവില്‍ നിര്‍ദേശം
നിര്‍ത്തിവച്ചിരിക്കുകയാണ്, ബന്ധപ്പെട്ടവരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി വിഷയത്തില്‍ സമവായത്തിലെത്തിച്ചേര്‍ന്നതിന് ശേഷം 2025- 26അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കും. തമിഴ്നാട്, കര്‍ണാടക, പുതുച്ചേരി സംസ്ഥാനങ്ങളാണ് ഇതിനെതിരെ രംഗത്തുവന്നത്. ഓഗസ്റ്റ് പതിനാറായിരുന്നു മെഡിക്കല്‍ കൗണ്‍സിലിന്റെ ഇത് സംബന്ധിച്ച വിജ്ഞാപനം.