തിരുവനന്തപുരം: കേരള ബാങ്കിലേക്കുള്ള വായ്പാ തിരിച്ചടവ് പ്രതിസന്ധിയിലായതോടെ ഭൂമി ഈടു നല്കി പ്രശ്നം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി-കെടിഡിഎഫ്സി സംയുക്തസംരംഭങ്ങളാണ് തമ്പാനൂര്‍ അടക്കമുള്ള നാലു വാണിജ്യ സമുച്ചയങ്ങളാണ് കേരള ബാങ്കിന് ഈടായി നല്‍കുക.
450 കോടി രൂപയാണ് കെഎസ്ആര്‍ടിസി കെടിഡിഎഫ്സിക്ക് നല്‍കാനുള്ളത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ കേരള ബാങ്കിന് നല്‍കാനുള്ള പണം മടക്കിക്കൊടുക്കാന്‍ കെടിഡിഎഫ്സിക്ക് സാധിച്ചിട്ടില്ല.കെഎസ്ആര്‍ടിസിയില്‍ നിന്നും പണം ലഭിക്കാത്തതാണ് സാമ്പത്തികപ്രതിസന്ധിക്ക് കാരണം. ഇതോടെയാണ് ഭൂമി ഈട് നല്കി പ്രശ്നം പരിഹരിക്കാനുള്ള പദ്ധതി തയാറാക്കുന്നത്. തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ കെഎസ്ആര്‍ടിസി മേധാവി ബിജു പ്രഭാകറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ മാസവും 16ന് കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരവ്-ചെലവ് കണക്കുകള്‍ അംഗീകൃത യൂണിയനുകളുടെ പ്രതിനിധികള്‍ക്ക് പരിശോധിക്കാന്‍ അനുമതി നല്‍കുന്നതിനും തീരുമാനമായി. മാത്രമല്ല സ്വിഫ്റ്റിലേക്ക് സ്മാര്‍ട്ട് സിറ്റി പദ്ധതിപ്രകാരം ലഭിക്കുന്ന 450 വൈദ്യുത ബസുകള്‍ ഫാസ്റ്റ് പാസഞ്ചറായി ഓടിക്കുമെന്നും സൂപ്പര്‍ ക്ലാസ് സര്‍വീസിനായി 125 എസി- നോണ്‍ എസി ബസുകള്‍ ഇറക്കുമെന്നും സിഎംഡി അറിയിച്ചു.