മുംബൈ: ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്കോർ. വിരാട് കോഹ്ലി, ശ്രേയസ് അയ്യർ എന്നിവരുടെ സെഞ്ചുറി കരുത്തിൽ ഇന്ത്യ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 397 റൺസ് അടിച്ചുകൂട്ടി. ഏകദിന കരിയറിലെ 50-ാം സെഞ്ചുറിയുമായി കോഹ്ലിയും (117), ശ്രേയസ് അയ്യരും (105) വാങ്കഡെയിൽ നിറഞ്ഞാടുകയായിരുന്നു. ശുഭ്മാൻ ഗിൽ (പുറത്താകാതെ 80), നായകൻ രോഹിത് ശർമ (47), കെ.എൽ.രാഹുൽ (പുറത്താകാതെ 39) എന്നിവരും തിളങ്ങി.
ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറിയെന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് കോഹ്ലി. 49 സെഞ്ചുറികൾ നേടിയ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കറിന്റെ റിക്കാർഡ് താരം പഴങ്കഥയാക്കിയത്. സച്ചിനെ സാക്ഷി നിർത്തിയായിരുന്നു കോഹ്ലിയുടെ റിക്കാർഡ് നേട്ടം.113 പന്തിൽ ഒൻപത് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. മറുവശത്ത് ശ്രേയസ് അയ്യരുടെ വക വാങ്കഡെ മൈതാനത്ത് സിക്സർ മഴയായിരുന്നു. 70 പന്തുകൾ മാത്രം നേരിട്ട ശ്രേയസ് എട്ട് സിക്സും നാല് ഫോറും നേടിയാണ് 105-ൽ എത്തിയത്.
ടോസിലെ ഭാഗ്യം തുണച്ച ഇന്ത്യയ്ക്ക് രോഹിത്-ഗിൽ സഖ്യം സ്വപ്ന തുല്യമായ തുടക്കമാണ് സമ്മാനിച്ചത്. അടിച്ചുതകർത്ത രോഹിത് 29 പന്തിൽ 47 റൺസ് നേടിയാണ് മടങ്ങിയത്. രോഹിത് മടങ്ങിയതോടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഗിൽ ഏറ്റെടുത്തു.എന്നാൽ പേശിവലിവ് മൂലം ഇടയ്ക്ക് മൈതാനം വിട്ട ഗിൽ പിന്നീട് 50-ാം ഓവറിലാണ് ക്രീസിൽ തിരിച്ചെത്തിയത്. 66 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സറുകളും നേടിയാണ് ഗിൽ 80 റൺസ് നേടിയത്.
ഇന്ത്യൻ ബാറ്റർമാർ നിറഞ്ഞാടിയ വാങ്കഡെയിൽ പിടിച്ചുനിന്നത് സ്പിന്നർ മിച്ചൽ സാറ്റ്നർ മാത്രമാണ്. ടിം സൗത്തി മൂന്ന് വിക്കറ്റുകൾ നേടിയെങ്കിലും 10 ഓവറിൽ 100 റൺസ് വഴങ്ങി. 10 ഓവറിൽ 86 റൺസ് വഴങ്ങിയ ട്രന്റ് ബോൾട്ടിനും ഒരു വിക്കറ്റ് ലഭിച്ചു.