കോട്ടയം : പാലായിലെ പ്രമുഖ വ്യാപാരസ്ഥാപനത്തില്‍ നിന്നും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അഞ്ച് ഉത്തര്‍ പ്രദേശ് സ്വദേശികള്‍ അറസ്റ്റില്‍. യു.പി ഔറാദത്ത് സന്ത്കബിര്‍ നഗര്‍ സ്വദേശികളായ സങ്കം (19), ദീപക് (23), അമര്‍നാഥ് (19), അമിത് (21), അതീഷ് (20) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
വസ്ത്ര വ്യാപാര സ്ഥാപനത്തിലെ എം.ഡിയുടെ വാട്സ്ആപ്പ് മുഖചിത്രം ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പ് നടന്നത്. 2023 ജനുവരി 31- നാണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പ്രതികള്‍ 35 ലക്ഷം രൂപ തട്ടിയെടുത്തത്. എം.ഡി.ആണെന്ന വ്യാജേന വ്യാജ വാട്സ്ആപ്പ് മുഖാന്തിരം മാനേജരുടെ ഫോണിലേക്ക് താന്‍ കോണ്‍ഫറന്‍സില്‍ ആണെന്നും ബിസിനസ് ആവശ്യത്തിനായി താന്‍ പറയുന്ന അക്കൗണ്ടുകളിലേക്ക് ഉടന്‍ തന്നെ പണം അയക്കണമെന്നും സന്ദേശം അയച്ചു. കോണ്‍ഫറന്‍സില്‍ ആയതിനാല്‍ തന്നെ തിരികെ വിളിക്കരുതെന്ന് ആവശ്യപ്പെട്ടതോടെ സ്ഥാപനത്തില്‍ നിന്നും 35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് തട്ടിപ്പ് മനസ്സിലായ സ്ഥാപന ഉടമ പാലാ പൊലീസില്‍ പരാതി നല്കി. കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം ഉത്തര്‍പ്രദേശിലെത്തി നടത്തിയ തിരച്ചിലിനൊടുവില്‍ പ്രതികളെ സാഹസികമായി പിടികൂടുകയുമായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.