കോഴിക്കോട് : കോണ്‍ഗ്രസിന്റെ കോഴിക്കോട്ടെ പലസ്തീന് ഐക്യദാര്‍ഢ്യ റാലിയുടെ വേദി സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരം. ഈ മാസം 23 ന് കോഴിക്കോട് ബീച്ചില്‍ തന്നെ റാലി നടത്താന്‍ ജില്ലാ കലക്ടര്‍ അനുമതി നല്കി. ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട് ബീച്ചില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ട ഫ്രീഡം സ്ക്വയറില്‍ നേരത്തെ നിശ്ചയിക്കപ്പെട്ട പ്രകാരം നവകേരള സദസ്സ് നടത്തും. അവിടെ നിന്നും 100 മീറ്റര്‍ മാറി ബീച്ച് ആശുപത്രിക്ക് മുന്നിലുള്ള കടപ്പുറത്താണ് കോണ്‍ഗ്രസ് റാലിക്ക് അനുമതി നല്‍കിയിട്ടുള്ളത്.
നേരത്തെ കടപ്പുരത്ത് നവകേരള സദസ് നടക്കുന്നതിനാല്‍ കടപ്പുറത്ത് വേദി അനുവദിക്കാനാവില്ലെന്നാണ് ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നത്. മറ്റെവിടെയെങ്കിലും റാലി നടത്താന്‍ അനുമതി നല്‍കാമെന്നും കലക്ടര്‍ വ്യക്തമാക്കി. അനുമതി നിഷേധിച്ചതിന് പിന്നില്‍ മന്ത്രി മുഹമ്മദ് റിയാസും സിപിഎം നേതാക്കളും ഇടപെട്ടതു മൂലമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളും മന്ത്രി മുഹമ്മദ് റിയാസും തമ്മില്‍ വാക്പോരും നടന്നിരുന്നു. വിവാദത്തിന് പിന്നാലെ മന്ത്രി റിയാസ് ഡിസിസി പ്രസിഡന്റുമായി ചര്‍ച്ച നടത്തി ധാരണയിലെത്തുകയായിരുന്നു. റാലിക്ക് വേദി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കലക്ടര്‍, ഡിടിപിസി സെക്രട്ടറി എന്നിവരെ സ്ഥലപരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു.