കണ്ണൂര്‍ : അനുമതി നല്കിയാലും ഇല്ലെങ്കിലും 23 ന് തന്നെ കോണ്‍ഗ്രസ് പലസ്തീന് ഐക്യദാര്‍ഢ്യ റാലി നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. വിരട്ടി പിന്തിരിപ്പിക്കാന് നോക്കേണ്ട. റാലിക്ക് അനുമതി നല്‍കാത്തത് രാഷ്ട്രീയപ്രേരിതമാണെന്നും സുധാകരന് പറഞ്ഞു.
റാലിയെ തകര്‍ക്കാമെന്നത് പാഴ്ശ്രമമാണ്. കടപ്പുറത്ത് നടത്താന്‍ നിശ്ചയിച്ച പലസ്തീന് ഐക്യദാര്‍ഢ്യ റാലിക്ക് ഏതാണ്ട് അനുവാദം തന്നതാണ് അതിന്റെ അഡ്മിനിസ്ട്രേറ്റര്‍. അനുവാദം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് റാലി പ്രഖ്യാപിച്ചത്. കടപ്പുറത്തു വരാന്‍ മാത്രം ജനങ്ങള്‍ വരാനുള്ളതിനാലാണ് അവിടെ തീരുമാനിച്ചത്.
ഇപ്പോള്‍ അതിന്റെ പേപ്പര്‍ കൊടുത്തപ്പോഴാണ് അനുമതി നിഷേധിക്കുന്നത്. മുകളില്‍ നിന്ന് ഇടപെട്ടാണ്, സംസ്ഥാന തലത്തില്‍ ഇടപെട്ടാണ് റാലിക്ക് അനുമതി കൊടുക്കേണ്ടെന്ന് നിര്‍ദേശം നല്‍കിയതെന്നും കെ സുധാകരന് ആരോപിച്ചു. പക്ഷെ ഒരു കാര്യം തറപ്പിച്ചു പറയുന്നു, 23ന് കോണ്‍ഗ്രസിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ റാലി, അനുമതി തന്നാലും ഇല്ലെങ്കിലും കോഴിക്കോട് കടപ്പുറത്ത് നടത്തും.
ഒന്നുകില്‍ കണ്വെന്ഷന് നടക്കും. അല്ലെങ്കില്‍ കോണ്‍ഗ്രസും പൊലീസും തമ്മിലുള്ള യുദ്ധം നടക്കുമെന്നും കെ സുധാകരന് പറഞ്ഞു. അങ്ങനെ വിരട്ടി മാറ്റാനൊന്നും നോക്കേണ്ട. കടപ്പുറത്ത് നടത്താന്‍ പറ്റില്ലെന്ന് പറയുന്നത് വിവേചനമാണ്, അതിന്റെ പിന്നില്‍ രാഷ്ട്രീയമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഭയപ്പെടുകയാണ്.
കോണ്‍ഗ്രസിനെ പലസ്തീന് വിരുദ്ധരെന്ന് മുദ്രകുത്തി പ്രചരിപ്പിക്കുന്ന ഇടതുപക്ഷക്കാരെ സംബന്ധിച്ചിടത്തോളം, കോണ്‍ഗ്രസ് നടത്തുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലി അവര്‍ക്കു മുമ്പില്‍ വലിയ ചോദ്യം ഉയര്‍ത്തുമെന്ന് ആശങ്കപ്പെടുത്തുന്നു. അതുകൊണ്ട് ഇതു തകര്‍ക്കാനും ഇല്ലാതാക്കാനുമുള്ള നടത്തുന്ന ശ്രമം പാഴ് വേലയാണെന്ന് സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുകയാണ്.
നെഞ്ചു കൊടുത്തും ചോര കൊടുത്തും പലസ്തീന് ഐക്യദാര്‍ഢ്യ റാലി കോണ്‍ഗ്രസ് നടത്തിയിരിക്കും. അതില്‍ ഒരു സംശയവും വേണ്ട, ഈ മാസം 23 ന് റാലി നടത്തും. കോണ്‍ഗ്രസ് റാലി നടത്തുന്നതിനെ സിപിഎം എന്തിനാണ് ആശങ്കപ്പെടുന്നതെന്ന് കെ സുധാകരന് ചോദിച്ചു.25 ന് നവകേരള സദസ് നടത്തുന്നതിന്, 23 ന് കോൺഗ്രസിന്റെ ഐക്യദാർഢ്യ റാലി നടത്തുന്നതിൽ എന്താണ് തടസ്സം. 23 ന് പരിപാടി കഴിഞ്ഞ് ഞങ്ങള്‍ ഒഴിഞ്ഞു കൊടുക്കില്ലേ.
ഒരു ദിവസം ഒഴിവില്ലേ. 25 ന് നവകേരള സദസ്സ് നടത്തുന്നതിന് എന്താണ് തടസ്സം. ഇതൊന്നും ഒരു മര്യാദയല്ല. ഇതൊന്നും കണ്ട് ഭയക്കാനില്ല. ഏറ്റുമുട്ടാനാണെങ്കില്‍ ഏറ്റുമുട്ടും. ഞങ്ങള്‍ നടത്താന്‍ തീരുമാനിച്ചപ്പോള്‍, മുടക്കാന്‍ ശ്രമിക്കുകയാണ് ഇടതുപക്ഷം. കര്‍ഷകര്‍ മരിക്കുന്നു, നൂറുകണക്കിന് ആളുകള്‍ പട്ടിണി കിടക്കുന്നു, എന്തിനാണ് നവകേരള സദസ്സ് നടത്തുന്നത്. നാണവും മാനവും സര്‍ക്കാരിനുണ്ടോയെന്നും കെ സുധാകരന് ചോദിച്ചു.
എന്തു സിപിഎമ്മാണിത്, എന്തു തൊഴിലാളി വര്‍ഗ പാര്‍ട്ടിയാണിത്. സിപിഎം പട്ടിണി കിടക്കുന്നവരുടെ താല്‍പ്പര്യമാണോ, അതോ മുതലാളികളുടെ താല്‍പ്പര്യമാണോ സംരക്ഷിക്കുന്നത്. ഇതെല്ലാം വീടുവീടാന്തരം കയറി പ്രചരിപ്പിക്കും. കോണ്‍ഗ്രസിന് അനുകൂല സാഹചര്യമാണ് ഇപ്പോഴുള്ളത്. റാലിയില്‍ ശശി തരൂര്‍ അടക്കം എല്ലാ കോണ്‍ഗ്രസ് എംപിമാരെയും ക്ഷണിച്ചിട്ടുണ്ട്. അയാള്‍ പങ്കെടുക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും കെ സുധാകരന് ചോദിച്ചു.