ന്യൂഡല്‍ഹി : വയനാട് പുല്പള്ളി സര്‍വീസ് സഹകരണബാങ്ക് വായ്പത്തട്ടിപ്പ് കേസില്‍ 4.34 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാമിന്റേതടക്കമുള്ളവരുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.
കേസില്‍ കെ.കെ. അബ്രഹാമിനെ രണ്ടുദിവസത്തേക്ക് ഇ.ഡി കോടതിയുടെ ചുമതലയുള്ള ജില്ല സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. തട്ടിപ്പിലെ മുഖ്യസൂത്രധാരന്‍ കെ.കെ. അബ്രഹാമാണെന്നും തട്ടിയ പണം ഇഞ്ചി കൃഷിയിലുള്‍പ്പെടെയാണ് നിക്ഷേപിച്ചതെന്നും ഇ.ഡി അറിയിച്ചിരുന്നു. രണ്ട് ദിവസം ഇ ഡി ഇയാളെ ചോദ്യം ചെയ്തിരുന്നു. കസ്റ്റഡി അവസാനിച്ച നവംബര്‍ 10 ന് കെകെ എബ്രഹാമിനെ പിഎംഎല്‍.എ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതി 14 ദിവസത്തേക്ക് റിമാന്റ്് നീട്ടുകയായിരുന്നു. കേസില്‍ മറ്റൊരു പ്രതിയായ സജീവന് കൊല്ലപ്പള്ളിയും 14 ദിവസത്തേക്ക് കൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.
പുല്പള്ളി സര്‍വീസ് സഹകരണബാങ്കിന്റെ മുന്‍ഭരണസമിതിയുടെ കാലത്ത് കോടികളുടെ വായ്പത്തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്. മുമ്പ് സഹകരണവകുപ്പും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ബാങ്കില്‍ എട്ടുകോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് ലോക്കല്‍ പോലീസും കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. തട്ടിപ്പില്‍ പത്ത് പേര്‍ക്കെതിരെ തലശേരി വിജിലന്‍സ് കോടതിയില്‍ കേസുണ്ട്.