കോഴിക്കോട്: ഒരാഴ്ച മുമ്പ് കോഴിക്കോട് കുറ്റിക്കാട്ട് നിന്ന് കാണാതായ സൈനബയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. പ്രതിയുമായി നാടുകാണി ചുരത്തിൽ നടത്തിയ പരിശോധനയിലാണ് കസബ സിഐയുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം കണ്ടെടുത്തത്.മൃതദേഹം സൈനബയുടേതാണെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയമായ പരിശോധനകൾ നടത്തുമെന്ന് പോലീസ് അറിയിച്ചു.
കുറ്റിക്കാട്ടൂര്‍ സ്വദേശിനിയായ സൈനബയെ(57) കാണാതായെന്ന് കാട്ടി കഴിഞ്ഞ ബുധനാഴ്ചയാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ ഇവരുടെ സുഹൃത്തായ മലപ്പുറം സ്വദേശി സമദ് കസബ സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.സ്വര്‍ണാഭരണം തട്ടിയെടുക്കാന്‍ വേണ്ടി ഇവരെ കൊലപ്പെടുത്തിയെന്നും മൃതദേഹം നാടുകാണി ചുരത്തിൽ തള്ളിയെന്നും ഇയാള്‍ മൊഴി നല്കിയതിനേ തുടർന്നാണ് പോലീസ് ഇവിടെയെത്തി പരിശോധന നടത്തിയത്. സൈനബയുമായി ഫോണിലൂടെയാണ് പരിചയപ്പെട്ടതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുവച്ച് ഇവരെ കാറിൽ കയറ്റിയ ശേഷം മുക്കത്തിന് സമീപത്തുവച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തായ ഗൂഢല്ലൂര്‍ സ്വദേശി സുലൈമാനും തനിക്കൊപ്പം ഉണ്ടായിരുന്നെന്ന് ഇയാൾ മൊഴി നൽകി.17 പവനോളം ആഭരണങ്ങളും സൈനബയുടെ കൈവശമുണ്ടായിരുന്ന പണവും ഇരുവരും ചേർന്ന് തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി. സുലൈമാനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.