കോഴിക്കോട്: കോഴിക്കോട് നിന്നും ഒരാഴ്ച മുമ്പ് കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയെ കൊലപ്പെടുത്തിയതായി മൊഴി. മലപ്പുറം സ്വദേശി സമദ് എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാറില്‍ വെച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും, മൃതദേഹം ഗൂഡല്ലൂരിലെ കൊക്കയില്‍ തള്ളിയെന്നുമാണ് യുവാവ് വെളിപ്പെടുത്തിയത്. ഗൂഡല്ലൂർ സ്വദേശി സുലൈമാന്റെ സഹായത്തോടെയാണ് കൃത്യം ചെയ്തതെന്നാണ് വിവരം.
ഏഴാം തിയ്യതിയാണ് സൈനബയെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് കസബ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. സൈനബയെ ഫോണിൽ വിളിച്ച് കാറിൽ കയറ്റി കൊണ്ടുപോകുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കേസിൽ പിടിയിലായ സമദ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സൈനബയുടെ കൈവശമുള്ള സ്വർണാഭരണത്തിനായാണ് കൊലപ്പെടുത്തിയതെന്നും പറഞ്ഞു. കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ നിന്നാണ് സമദും സുലൈമാനും കാറിൽ കയറ്റിക്കൊണ്ട് പോയത്. പിന്നീട് ഇവർ സമദിന്റെ താനൂരിലുള്ള വീട്ടിലേക്ക് പോകുകയും അവിടെ നിന്ന് തിരികെ കോഴിക്കോട്ടേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കൊണ്ടുവരുന്നതിനിടെ, മുക്കത്തിനടുത്ത് വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഷാൾ കഴുത്തിൽ കുരുക്കിയാണ് കൊന്നത്. ശേഷം ഗൂഡല്ലൂരിൽ പോയെന്നും പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു.
കവർച്ചയാണ് ലക്ഷ്യമെന്നാണ് പ്രതി പറയുന്നതെങ്കിലും പൊലീസ് മറ്റു കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. മൃതദേഹം കണ്ടെത്താൻ നാടുകാണി ചുരത്തിലും അന്വേഷണം നടത്തിവരികയാണ്. പോസ്റ്റുമോർട്ടം നടന്ന ശേഷം കൂടുതൽ വിവരം പുറത്തുവരികയുള്ളൂ.