ഷിംല: പതിവ് തെറ്റാതെ ദീപാവലി ദിനത്തിൽ സൈനികർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഘോഷം. ലെപ്ചയിലെ ധീരസൈനികർക്കൊപ്പം ദീപാവലി ആഘോഷത്തിനെത്തിയപ്പോൾ എന്ന കുറിപ്പോടെ മോദി തന്നെയാണ് ചിത്രം എക്സിൽ പങ്കുവച്ചത്.സൈനിക വസ്ത്രം ധരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്ന പ്രധാനമന്ത്രിയെ ചിത്രങ്ങളിൽ കാണാം.
Reached Lepcha in Himachal Pradesh to celebrate Diwali with our brave security forces. pic.twitter.com/7vcFlq2izL— Narendra Modi (@narendramodi) November 12, 2023
അധികാരമേറ്റതുമുതൽ, അതിർത്തികളിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാസേനയ്ക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷിക്കുന്നത്. 2014ൽ അധികാരത്തിൽ വന്ന വർഷം, ദീപാവലി ദിനത്തിൽ പ്രധാനമന്ത്രി സിയാചിനിലെ സൈനികരെ സന്ദർശിച്ചു. 2015ൽ പഞ്ചാബിലെ അതിർത്തിയിലും 2016ൽ ഹിമാചൽ പ്രദേശിലെ ചൈനീസ് അതിർത്തിയിലും 2017ൽ കാഷ്മീരിലെ ഗുരെസ് സെക്ടറിലുമായിരുന്നു അദ്ദേഹത്തിന്റെ ദീപാവലി ആഘോഷം.
2018 ദീപാവലിക്ക് ഉത്തരാഖണ്ഡിലെ ഹർസിലിലായിരുന്നു പ്രധാനമന്ത്രി. 2019ൽ ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള രജൗരിയിലായിരുന്നു. 2020 ദീപാവലിക്ക് പ്രധാനമന്ത്രി ജയ്സാൽമീറിലെ ലോംഗേവാലയും 2021ൽ ജമ്മു കാഷ്മീരിലെ നൗഷേരയും സന്ദർശിച്ചു. കഴിഞ്ഞ വർഷം ദീപാവലിക്ക് കാർഗിലിലായിരുന്നു മോദിയുടെ ആഘോഷം.