ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമാണത്തിലിരിക്കുന്ന ടണൽ തകർന്ന് 36 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക. യമുനോത്രി ദേശീയ പാതയിൽ സിൽക്യാരയെ ദണ്ഡൽഗാവുമായി ബന്ധിപ്പിക്കുന്ന ടണലിന്റെ ഒരു ഭാഗമാണ് ഞായറാഴ്ച പുലർച്ചെ തകർന്നത്.
ബ്രഹ്മഖൽ-പോൾഗാവിലെ സിൽക്യാര ഭാഗത്തുള്ള ടണൽമുഖത്തുനിന്ന് 200 മീറ്ററോളം ഉള്ളിലായാണ് തകർന്നത്. തൊഴിലാളികൾ സുരക്ഷിതരാണെന്നും അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ടണലിന്റെ നിർമാണ പ്രവർത്തനങ്ങൾ നോക്കുന്ന ഹൈഡ്രോ ഇലക്ട്രിസിറ്റി ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡിന്റെ (എച്ച്ഐഡിസിഎൽ) ഉദ്യോഗസ്ഥർ പറഞ്ഞു.
തുരങ്കം തുറക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ടണലിനുള്ളിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അവർ പറഞ്ഞു. സംസ്ഥാന ദുരന്തപ്രതികരണ സേനയും (എസ്ഡിആർഎഫ്), പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ സംഘവുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കുന്നത്. ഉത്തരകാശി ജില്ലയിലെ ജില്ലാ മജിസ്ട്രേറ്റും പോലീസ് സൂപ്രണ്ടുമാരും സ്ഥലത്തുണ്ട്. അവശിഷ്ടങ്ങൾ മുറിച്ചുമാറ്റാനുള്ള വെർട്ടിക്കൽ ഡ്രില്ലിംഗ് മെഷീനുകളും ഓക്സിജൻ പൈപ്പുകളും ടണലിനുള്ളിലേക്ക് അയച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിയനുസരിച്ച്, തൊഴിലാളികളെ പുറത്തെത്തിക്കാൻ മൂന്നു ദിവസമെങ്കിലുമെടുക്കുമെന്നാണ് രക്ഷാപ്രവർത്തകർ നല്കുന്ന വിവരം.