ജനീവ: പലസ്തീനിലെ ഇസ്രയേൽ കുടിയേറ്റങ്ങളെ അപലപിക്കുന്ന യുഎൻ പ്രമേയത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു. “കിഴക്കന്‍ ജറുസലമും അധിനിവേശ സിറിയന്‍ ഗോലാനും ഉള്‍പ്പെടെ അധിനിവേശ പലസ്തീന് പ്രദേശത്തെ ഇസ്രയേല്‍ കുടിയേറ്റം’ എന്ന തലക്കെട്ടിലുള്ള യുഎന്‍ കരട് പ്രമേയം വന്‍ ഭൂരിപക്ഷത്തോടെയാണ് വ്യാഴാഴ്ച പാസാക്കിയത്.
ഇന്ത്യ ഉള്‍പ്പെടെ 145 രാജ്യങ്ങളാണ് കരട് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. ഏഴ് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. 18 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.യുഎസ്, കാനഡ, ഹംഗറി, ഇസ്രയേല്‍, മാര്‍ഷല്‍ ദ്വീപുകള്‍, ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ, നൗറു എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്.
ഗാസ മുനമ്പിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന കരട് പ്രമേയത്തിലുള്ള വോട്ടെടുപ്പില്‍ നിന്ന് കഴിഞ്ഞ മാസം ഇന്ത്യ വിട്ടുനിന്നിരുന്നു. ജോര്‍ദാന്‍ സമര്‍പ്പിച്ച കരട് പ്രമേയത്തില്‍ ഭീകരസംഘടനയായ ഹമാസിനെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യ വോട്ട് ചെയ്യാതിരുന്നത്. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചും 14 രാജ്യങ്ങൾ എതിര്‍ത്തും വോട്ട് ചെയ്തപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങള്‍ വിട്ടുനിന്നു.