ബംഗളൂരു: ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നെതർലൻഡ്സിനെതിരേ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇറങ്ങിയ അതേ ടീമിനെ നിലനിർത്തിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. നെതർലൻഡ്സ് നിരയിലും മാറ്റങ്ങളില്ല.
തുടർച്ചയായ എട്ടു ജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തുടരുന്ന ഇന്ത്യക്ക്, സെമി ഫൈനലിനു മുന്പുള്ള തയാറെടുപ്പിനുള്ള അവസരമാണ് ഇന്നുള്ളത്. ഇന്ത്യയുടെ ബാറ്റിംഗ്, ബൗളിംഗ് ആക്രമണം നെതർലൻഡ്സ് എങ്ങനെ പ്രതിരോധിക്കും എന്നാണ് അറിയേണ്ടത്.ഏകദിനത്തിൽ സച്ചിൻ തെണ്ടുൽക്കറിന്റെ റിക്കാർഡായ 49 സെഞ്ചുറിക്ക് ഒപ്പമെത്തിയ കോഹ്ലി ഇന്ന് 50-ാം ശതകം തികയ്ക്കുമോ എന്നതിനും ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നു.
ഇന്ത്യയും നെതർലൻഡ്സും ഏകദിന ക്രിക്കറ്റിൽ ഏറ്റുമുട്ടുന്നത് മൂന്നാം തവണയാണ്. മുന്പ് രണ്ടു തവണയും ലോകകപ്പ് വേദിയിലായിരുന്നു ഇരുടീമും നേർക്കുനേർ ഇറങ്ങിയത്. രണ്ട് മത്സരത്തിലും ഇന്ത്യക്കായിരുന്നു ജയം. 2003 ലോകകപ്പിൽ 68 റണ്സിനും 2011 ലോകകപ്പിൽ അഞ്ച് വിക്കറ്റിനും ഇന്ത്യ ജയിച്ചു.
ഇന്ത്യ ടീം: രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.
നെതർലൻഡ്സ് ടീം: മാക്സ് ഒദൗഡ്, വെസ്ലി ബറേസി, കോളിൻ അകർമൻ, സിബ്രാൻഡ് എൻഗെൽബ്രെട്ട്, സ്കോട്ട് എഡ്വേർഡ്സ്, ബാസ് ഡെ ലീഡ്, തേജ നിദമനുരു, ലോഗൻ വാൻ ബീക്, റോളോഫ് വാൻഡെർ മെർവ്, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ.