കോഴിക്കോട്: നവകേരള സദസിന്റെ പ്രചാരണ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. ഉള്ള്യേരി പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ എന്‍.എം.ബലരാമനെതിരെയാണ് ആരോപണം.
ഇയാള്‍ എഡിഎസ് അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത സന്ദേശം പുറത്തുവന്നു. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികളെ മസ്റ്റര്‍ റോളില്‍ ഉള്‍പ്പെടുത്തേണ്ടന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും ഇത് സംബന്ധിച്ച് പഞ്ചായത്ത് ഉത്തരവിറക്കിയെന്നും സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ഉത്തരവുണ്ടായിട്ടില്ലെന്നും തൊഴിലാളികള്‍ യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടി സാന്ദര്‍ഭികമായി പറഞ്ഞതാണെന്നും ബലരാമന് പിന്നീട് പ്രതികരിച്ചു.
നവംബര്‍ 24, 25, 26 തീയതികളിലാണ് കോഴിക്കോട് ജില്ലയില്‍ നവകേരള സദസ് നടക്കുന്നത്. ഇതിനോടനുബന്ധിച്ച് കഴിഞ്ഞ ഞായറാഴ്ച എഡിഎസ് അംഗങ്ങളുടെ ജനറല്‍ ബോഡി വിളിച്ചെങ്കിലും 10 പേരാണ് ആകെ പങ്കെടുത്തത്. ഇതോടെ ഇന്ന് പത്തരയ്ക്ക് വീണ്ടും യോഗം വിളിക്കുകയായിരുന്നു.