സെക്കന്തകാബാദ് : ദരിദ്രരുടെ ഉന്നമനമാണ് സർക്കാരിന്റെ പ്രധാന മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലുങ്കാനയിലെ സെക്കന്തരാബാദിൽ മഡിക റാലിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. താൻ എത്തിയത് ഒന്നും ചോദിക്കാനല്ലെന്നും സ്വാതന്ത്ര്യത്തിന് ശേഷം സമുദായങ്ങളോട് വാഗ്ദാനം നടത്തി വഞ്ചിച്ച രാഷ്ട്രീയ പാർട്ടികളും നേതാക്കളും ചെയ്ത പാപത്തിന് മാപ്പു പറയാനാണ് എത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
റാലിയിൽ വച്ച് കണ്ണീരണിഞ്ഞ മഡിക റിസർവേഷൻ പോരാട്ട സമിതി നേതാവ് മൻഡ കൃഷ്ണ മഡിഗയെ മോദി സ്റ്റേജിൽ വച്ച് ആശ്വസിപ്പിച്ചു. ഇതുവരെ ഒരു പ്രധാനമന്ത്രിയും മഡിക സമ്മേളനത്തിന് എത്തിയിട്ടില്ല എന്നു പറഞ്ഞാണ് നേതാവ് വികാരഭരിതനായത്. വേദിയിൽ ബിആർഎസ്സിനെതിരെ മോദി ആഞ്ഞടിച്ചു.
തെലങ്കാന സർക്കാർ കഴിഞ്ഞ പത്ത് വർഷം പിന്നോക്ക സമുദായങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല. ബി ആർ എസ് തെലങ്കാന രൂപീകരണത്തിന് ശേഷം ദളിത് സമൂഹത്തെ മറന്നു. ഒരു ദളിതനെ മുഖ്യമന്ത്രിയാക്കാൻ തയാറായില്ല. ബി ആര് എസ് സർക്കാരിന്റെ ദളിത് ബന്ധു പദ്ധതി അവരുടെ ഒപ്പം നിൽക്കുന്നവർക്ക് വേണ്ടി മാത്രമാണ്. ദളിത് ബന്ധു പദ്ധതി നിഷ്പക്ഷമാകണമെന്നും പിന്നാക്ക സമുദായം ബി ആർ എസിനെ കരുതിയിരിക്കണം. ബിആർഎസ്സും കോൺഗ്രസും ദളിത് വിരുദ്ധരാണ്. ദരിദ്രയായ അമ്മയുടെ മകനായി ജനിച്ച ഈ മകൻ ദരിദ്രരെ ഒരിക്കലും കൈവിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.