കണ്ണൂർ : കാൽനടയാത്രക്കാരനെ ഇടിച്ചതിനു പിന്നാലെ ഓടിയ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു. കണ്ണൂർ പന്യന്നൂർ സ്വദേശി പുതിയവീട്ടിൽ കെ.ജീജിത്ത് (45) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.15നാണ് സംഭവമുണ്ടായത്.
വടകര – തലശ്ശേരി റൂട്ടിൽ ഓടുന്ന ‘ഭഗവതി’ ബസ്സിന്റെ ഡ്രൈവറാണ് ജീജിത്ത്. വടകരയിൽ നിന്ന് തലശ്ശേരിയിലേക്ക് വരുന്നതിനിടെ പുന്നോൽ പെട്ടിപ്പാലത്ത് ആണ് അപകടമുണ്ടായത്. റോഡിൽകൂടി നടന്നുപോകുകയായിരുന്ന മുനീർ എന്ന ആളെ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ ആൾ കൂടിയതോടെ ആക്രമണം ഭയന്ന് ബസ്സിൽ നിന്ന് ഇറങ്ങി റെയിൽവേ ട്രാക്കിലൂടെ ഓടിയ ജീജിത്തിനെ ട്രെയിൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ ജീജിത്ത് തൽക്ഷണം മരിച്ചു. ബസ് ഇടിച്ച് പരിക്കേറ്റ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.