ന്യൂഡല്‍ഹി : ഇന്ത്യയിലെ ഹിന്ദുമതത്തെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്തരമൊരു ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതിക്ക് താല്‍പ്പര്യമില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഇങ്ങനെ വന്നാല്‍ ഇന്ത്യയില്‍ ഇസ്ലാമിനെ സംരക്ഷിക്കൂ, ക്രിസ്തുമതത്തെ സംരക്ഷിക്കൂ എന്ന് ഇനി പറയില്ലേയെന്നും ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയയും അഹ്സനുദ്ദീന്‍ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹരജിക്കാരന് വിദ്യാഭ്യാസ പാഠ്യപദ്ധതിയെക്കുറിച്ചും പരാമര്‍ശിച്ചു. എന്നാല്‍ പാഠ്യപദ്ധതി രൂപീകരിക്കേണ്ടത് സര്‍ക്കാരാണെന്നും ബെഞ്ച് മറുപടി നല്കി.
ഹര്ജിക്കാരന് താന്‍ ആഗ്രഹിക്കുന്നത് മറ്റുള്ളവര്‍ ചെയ്യണമെന്ന് പറയാനാകില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. നിങ്ങള്‍ എന്തെങ്കിലും ചെയ്തു, നിങ്ങള്‍ എന്തെങ്കിലും ഉണ്ടാക്കി, നിങ്ങള്‍ക്ക് അത് പ്രചരിപ്പിക്കാം. ആരും നിങ്ങളെ തടയുന്നില്ല. എന്നാല്‍ എല്ലാവരും അത് ചെയ്യണമെന്ന് നിങ്ങള്‍ക്ക് പറയാനാകില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു.