അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയെ നേരിടും. ജയിച്ചാലും അഫ്ഗാന് മുന്നിൽ സെമി സാധ്യത വിദൂരമാണ്. ഉച്ചയ്ക്ക് രണ്ടിന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം. അവസാന മത്സരത്തിൽ ആസ്ത്രേലിയയോട് പൊരുതിയാണ് അഫ്ഗാന് വീണത്. ഗ്ലെൻ മാക്സ്വെല്ലിന്റെ ഒറ്റയാൾ പ്രകടനമില്ലായിരുന്നെങ്കിൽ ഓസീസിനെ തോൽപ്പിക്കാൻ അഫ്ഗാനിസ്ഥാന് കഴിയുമായിരുന്നു. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രക്കക്ക് മുന്നിലും വിജത്തിൽ കുറഞ്ഞതൊന്നും ഇന്ന് ടീം അഫ്ഗാൻ ലക്ഷ്യംവെക്കുന്നില്ല.
ഈ ലോകകപ്പിൽ ഇന്ത്യ കഴിഞ്ഞാൽ മികച്ച പ്രകടനം കാഴ്ചവെച്ചവരാണ് ദക്ഷിണാഫ്രിക്ക. എന്നാൽ അവസാന മത്സരത്തിൽ ഇന്ത്യയോടേറ്റ വലിയ തോൽവി ടീമിന് തിരിച്ചടി നൽകിയിട്ടുണ്ട്. ഇന്ത്യയെ കൂടാതെ പോയിന്റ് ടേബിളിന്റെ വാലറ്റത്തുള്ള നെതർലൻഡ്സിന് മുന്നിലാണ് ദക്ഷിണാഫ്രിക്ക തോറ്റിരുന്നത്. അതുകൊണ്ട് അഫ്ഗാനെ ഒരു ചെറിയ മീനായി കാണാൻ ദക്ഷിണാഫ്രിക്ക തയ്യാറികില്ലെന്ന് ഉറപ്പാണ്.അഫ്ഗാന്റെ ബൗളർമാരെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങ് നിര എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഫലം. ഈ ലോകകപ്പിൽ ഒരിക്കൽ പോലും 300 റൺസ് വഴങ്ങാത്ത ടീമുകൾ ഇന്ത്യയും അഫ്ഗാനിസ്ഥാനും മാത്രമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ഏകദിനവും രണ്ട് ടി20യും മാത്രമേ അഫ്ഗാനിസ്ഥാൻ കളിച്ചിട്ടുള്ളൂ. ഇതിൽ രണ്ടിലും അഫ്ഗാനൊപ്പമായിരുന്നു വിജയം. അഫ്ഗാനിസ്ഥാന്റെ പ്ലെയിങ്ങ് ഇലവനിൽ മാറ്റത്തിന് സാധ്യതയില്ല. സെമി ഉറപ്പാക്കിയതിനാൽ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയുള്ള പരീക്ഷണത്തിന് ദക്ഷിണാഫ്രിക്ക മുതിർന്നേക്കാം.