തിരുവനന്തപുരം:നൂറ് കോടിയിലേറെ രൂപയുടെ ക്രമക്കേട് നടന്ന കണ്ടല സർവ്വീസ് സഹകരണ ബാങ്കിലും,ഭരണസമിതി അംഗങ്ങളുടെയും,ഉദ്യോഗസ്ഥരുടെയും വീടുകളിലും ഇന്നലെ ഇ.ഡി നടത്തിയ അപ്രതീക്ഷിത റെയ്ഡിനൊടുവിൽ ബാങ്കിന്റെ മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ ആറിന് തുടങ്ങിയ റെയ്ഡ് രാത്രി വൈകിയും തുടർന്നു.രാത്രി കസ്റ്റഡിയിലെടുത്ത സിപിഐ നേതാവ് ഭാസുരാംഗനെ അദ്ദേഹം ഉപയോഗിക്കുന്ന മേഖല ക്ഷീരോത്പാതക സഹകരണ സംഘത്തിന്റെ വാഹനത്തിൽ ഇ.ഡി ഉദ്യോഗസ്ഥർ മാറനല്ലൂരിലെ വീട്ടിൽ ചോദ്യം ചെയ്യലിനായി എത്തിച്ചു. ബാങ്കിൽ ചോദ്യം ചെയ്യുന്നതിന് ഇന്ന് കൊണ്ടു പോകും.
മൂന്ന് വാഹനങ്ങളിലായി തോക്കുകളേന്തിയ സുരക്ഷാ സേനയുടെ കാവലിലാണ് ഉദ്യോഗസ്ഥർ ഇന്നലെ പരിശോധനയ്ക്ക് എത്തിയത്. ,എൻ.ഭാസുരാംഗന്റെ മാറനല്ലൂരിലെ വീട്ടിലും, ബാങ്കിലെ മുൻ സെക്രട്ടറിമാരായ രാജേന്ദ്രൻ നായർ ,ശാന്ത കുമാരി, മോഹൻ കുമാർ കളക്ഷൻ ഏജന്റ് അനിൽ കുമാർ എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. എൻ.ഭാസുരാംഗന്റെ വീട് പൂട്ടിയ നിലയിലായിരുന്നു. അതിനാൽ ഉദ്യോഗസ്ഥ സംഘത്തിന് വീട്ടിനുള്ളിലേയ്ക്ക് രാവിലെ കടക്കാനായില്ല. തുടർന്നാണ് രാത്രി കസ്റ്റഡിയിലെടുത്ത് വീട്ടിലേക്ക് കൊണ്ടു പോയത്.
കാൽ നൂറ്റാണ്ടിലേറെയായി ബാങ്കിന്റെ പ്രസിഡന്റായിരുന്ന സി.പി.ഐ നേതാവ് എൻ.ഭാസുരാംഗന്റെ മകന്റെ പൂജപ്പുരയിലുള്ള വീട്ടിലും,മകന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലും പരിശോധന നടത്തി.ബാങ്ക് ഇടപാടുകൾ സംബന്ധിച്ച രേഖകൾ,ലഡ്ജർ ബുക്കുകൾ,കംപ്യൂട്ടർ രേഖകൾ,മിനുട്സ് ബുക്കുകൾ തുടങ്ങിയവ പിടിച്ചെടുത്തു.ഭാസുരാംഗന്റെ മൊബൈൽ ഫോണും പേഴ്സണൽ കംപ്യൂട്ടറുംപിടിച്ചെടുത്തിട്ടുണ്ട്.
തട്ടിപ്പനെതിരെ നിക്ഷേപകർ നൽകിയ പരാതിയിൽ സഹകരണ വകുപ്പും പൊലീസും കാര്യമായ നടപടി സ്വീകരിച്ചിരുന്നില്ല.ഒരു വർഷം മുൻപ് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ബാങ്കിലെ തട്ടിപ്പിന്റെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു..നിക്ഷേപകർ സമരങ്ങളുമായി മുന്നോട്ടു പോകവെയാണ് ഇ..ഡി റെയ്ഡ്. കാട്ടാക്കട,നെയ്യാറ്റിൻകര, നെടുമങ്ങാട് താലൂക്കുകളിലെ നൂറു കണക്കിനാളുകളാണ് ബാങ്കിൽ നിക്ഷേപം നടത്തിയത്.. പതിവു പോലെ ഇന്നലെ ബാങ്കിലെത്തിയ നിക്ഷേപകരെ കടത്തി വിട്ടില്ല.ബാങ്ക് ജീവനക്കാരെ തിരിച്ചറിയിൽ കാർഡ് നോക്കി കടത്തി വിട്ടു. പരിശോധനകൾ തുടർന്നുമുണ്ടാകുമെന്നാണ് അറിയുന്നത്.ഇ.ഡിയുടെ കൊച്ചി ഓഫീസിൽ നിന്നുള്ള സംഘം കൂടുതൽ പേരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.