തിരുവനന്തപുരം : കെഎസ്ആർടിസിക്ക് ധനസഹായമായി 30 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ. കെഎസ്ആർടിസിലെ പെൻഷൻ വിതരണം മുടങ്ങുന്നതിൽ ഹൈക്കോടതി ഇന്ന് രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പണം അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചത്. തിങ്കളാഴ്ച 70 കോടി അനുവദിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധിയാണ് പെന്ഷന് വിതരണത്തിനു തടസ്സമെന്ന് ഓണ്‍ലൈന്‍ വഴി ഹാജരായ ചീഫ് സെക്രട്ടറി വി വേണു കോടതിയെ അറിയിച്ചു. അതേസമയം ആഘോഷങ്ങള്‍ക്കല്ല, ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് കഴിഞ്ഞ ദിവസം കേരളീയം പരിപാടിയുടെ പേരില്‍ ഹാജരാവാതിരുന്ന ചീഫ് സെക്രട്ടറിയെ കോടതി കുറ്റപ്പെടുത്തി. രണ്ടാം പിണറായി സർക്കാർ 4833 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സഹായമായി നൽകിയത്. ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാരുകൾ ആകെ നൽകിയത് 9796 കോടി രൂപയാണ്.