തിരുവനന്തപുരം : കേരളീയം പരിപാടിയിൽ ആദിവാസി കലാകാരന്മാരെ പ്രദർശന വസ്തുക്കളാക്കി എന്ന ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ആദിവാസികളെ ഷോക്കേസ് ചെയ്തെന്ന പ്രചാരണം തീർത്തും തെറ്റാണ്. അനുഷ്ഠാന കലകളുടെ അവതരണമാണ് നടന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നാടോടി ഗോത്ര കലാകാരന്മാര്ക്ക് കലാരൂപം അവതരിപ്പിക്കാനുള്ള വേദിയായിരുന്നു കേരളീയം പരിപാടിയുടെ ഭാഗമായി ഒരുക്കിയ ആദിമം. പന്തക്കാളി, കളവും പുള്ളുവന്‍പാട്ടും, പടയണി, തെയ്യം, മുടിയേറ്റ്, പൂതനും തിറയും തുടങ്ങിയ കലാരൂപങ്ങള്‍ക്ക് ഒപ്പമാണ് പളിയ നൃത്തവും അവതരിപ്പിച്ചത്. ഇടുക്കി ജില്ലയിലെ കുമളിയിലെ പളിയര്‍ എന്ന ആദിവാസി വിഭാഗത്തിന്റെ പാരമ്പര്യ നൃത്തരൂപമാണ് പളിയ നൃത്തം. കഥകളിയും ഓട്ടന്‍തുളളലും നങ്ങ്യാര്‍കൂത്തും തിരുവാതിരകളിയും പോലെ ഒരു കലാരൂപം ആണ് പളിയ നൃത്തവും. ആ കലാരൂപത്തിന്റെ ഭാഗമായി പരമ്പരാഗത വേഷവിധാനങ്ങളോടെ കുടിലുകള്‍ക്ക് മുന്നില്‍ ഇരുന്ന കലാകാരന്മാരെ പ്രദര്‍ശന വസ്തുക്കളാക്കി എന്ന പ്രചാരണം നടത്തിയത് ശരിയായ ഉദ്ദേശത്തോടെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളീയത്തിന്റെ ഭാഗമായി പരമ്പരാഗത ഗോത്രവിഭാഗത്തില്‍പ്പെട്ട ഒരു സംഘം കലാകാരന്മാര്ക്ക് അവരുടെ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിന് ഫോക് ലോര്‍ അക്കാദമി അവസരമൊരുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന് അകത്തും പുറത്തുമായി നടക്കുന്ന വിവിധ പരിപാടികളില്‍ ഫോക് ലോര്‍ അക്കാദമിയുമായി സഹകരിക്കുന്ന കലാകാരന്മാരാണ് കേരളീയത്തിലും പങ്കെടുത്തത്. തങ്ങളുടെ കലാപ്രകടനം ഒരുപാട് പേര് കണ്ടതില്‍ അവര്‍ സന്തോഷം രേഖപ്പെടുത്തിയിട്ടുണ്ട്. കലാപ്രകടനത്തിന് ശേഷം അതിനായി തയ്യാറാക്കിയ പരമ്പാരാഗത കുടിലിന് മുന്നില്‍ വിശ്രമിച്ച ചിത്രമാണ് പ്രദര്‍ശനവസ്തു എന്ന പേരില്‍ പ്രചരിച്ചത് എന്ന കാര്യവും അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.- മുഖ്യമന്ത്രി പറഞ്ഞു.