തിരുവനന്തപുരം : കണ്ണട വാങ്ങുകയെന്നത് നിയമസഭാ സാമാജികരുടെ അവകാശമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. കണ്ണട വാങ്ങിയത് മഹാ അപാരധമെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നുവെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ എല്‍ദോസ് കുന്നപ്പിള്ളിയും ടി ജെ വിനോദും കണ്ണട വാങ്ങാനായി ഇത്തരത്തില്‍ പണം വാങ്ങിയിട്ടുണ്ടെന്ന് കാണിച്ചാണ് മന്ത്രി ആരോപണങ്ങളോട് പ്രതികരിച്ചത്. എല്‍ദോസ് കുന്നപ്പിള്ളി 35842 രൂപയും ടി ജെ വിനോദ് 31600 രൂപയും കൈപ്പറ്റിയിട്ടുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി.
നന്നായി വായിക്കുകയും കമ്പ്യൂട്ടര്‍ ഉപയോഗിക്കുകയും ചെയ്യുന്ന ആളാണെന്നും അതിന് അനുയോജ്യമായ കണ്ണടയാണ് വാങ്ങിയതെന്നും മന്ത്രി പറഞ്ഞു. ചട്ടപ്രകാരമല്ലാത്ത കാര്യമാണിതെന്ന് വ്യാഖ്യാനിച്ച് മഹിളാകോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കളെ പരാമര്‍ശിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മന്ത്രി ആര് ബിന്ദുവിന് കണ്ണട വാങ്ങാന്‍ ചെലവായ തുക അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. ആറുമാസം മുന്‍പ് വാങ്ങിയ കണ്ണടയ്ക്ക് 30,500 രൂപയാണ് പൊതുഖജനാവില്‍നിന്ന് അനുവദിച്ചത്. പണം അനുവദിച്ചു കിട്ടാന്‍ വൈകിയതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് തുക ലഭിക്കുന്നത് വേഗത്തിലാക്കിയതെന്നാണ് വിവരം.
കഴിഞ്ഞ ഏപ്രില്‍ 28 നാണ് മന്ത്രി ആര് ബിന്ദു പുതിയ കണ്ണട വാങ്ങിയത്. വാങ്ങിയ ദിവസം തന്നെ ബില്ല് സഹിതം പണം അനുവദിച്ചുകിട്ടാന്‍ പൊതുഭരണ വകുപ്പിന് മന്ത്രി അപേക്ഷ നല്‍കുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസവും സാമൂഹ്യനീതി വകുപ്പു മന്ത്രിയുമായ ഡോ. ആര് ബിന്ദു 28.04.2023ല്‍ തിരുവനന്തപുരം ലെന്‍സ് ആന്‍ഡ് ഫ്രെയിംസില്‍ നിന്ന് കണ്ണട വാങ്ങിയതിന് ചെലവാക്കിയ തുകയായ 30,500 രൂപ പ്രതിപൂരണം ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു എന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
മുമ്പും കണ്ണട വാങ്ങുന്നതിന് സിപിഎം മന്ത്രിമാര്‍ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം പറ്റിയിരുന്നു. കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ 29,000 രൂപയ്ക്കാണ് കണ്ണട വാങ്ങിയത്. സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണന് 49,900 രൂപയുടെ കണ്ണടയാണ് വാങ്ങിയത്.